ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അവസരം; 5810 ഒഴിവുകൾ

Share our post

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അവസരം. നോൺടെക്നിക്കൽ പോപുലർ കാറ്റഗറി(എൻ.ടി.പി.സി-ഗ്രാ​​ജ്വേറ്റ് 2025) തസ്തികകളിലേക്കാണ് നിയമനം. 5810 ഒഴിവുകളാണുള്ളത്. 21 റെയിൽവേ റിക്രൂട്​മെന്റ് ബോർഡുകളിലായാണ് ഒഴിവുകൾ. തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിൽ 58 ഒഴിവുകളുണ്ട്.

തസ്തികകളും ഒഴിവുകളും

ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ-161. സ്റ്റേഷൻ മാസ്റ്റർ-615, ഗുഡ്സ് ട്രെയിൻ മാനേജർ-3416, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-921, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്-638, ട്രാഫിക്ക് അസിസ്റ്റന്റ്-59 എന്നിങ്ങനെയാണ് ഒഴിവുകൾ.എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. ഒന്നാംഘട്ടത്തിൽ 100 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഷോർട്ട്‍ലിസ്റ്റ് ചെയ്യുന്നവർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും. 120 മാർക്കിനായിരിക്കും രണ്ടാംഘട്ട പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്താൻ നവംബർ 22 മുതൽ ഡിസംബർ 2 വരെ അവസരമുണ്ടാകും. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://www.rrbthiruvananthapuram.gov.in കാണുക.

അടിസ്ഥാന ശമ്പളം

ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് 35,400 രൂപയാണ് അടിസ്ഥാന ശമ്പളം. ട്രാഫിക് അസിസ്റ്റന്റ്-25,500, മറ്റ് തസ്തികകളിലേക്ക് 29,200 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.

എല്ലാ തസ്തികകളിലേക്കും അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കംപ്യൂട്ടറിൽ ഇംഗ്ലീഷ് ഹിന്ദി ടൈപ്പിങ്ങും അറിയണം.എല്ലാ തസ്തികകളിലേക്കും 18-33 വയസാണ് പ്രായപരിധി. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അർഹരായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

പ്രായപരിധിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിൽ ലഭിക്കും. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കും കുടുംബ വാർഷിക വരുമാനം 50,000രൂപയിൽ താഴെയുള്ളവർക്കും വിമുക്ത ഭടൻമാർക്കും 250 രൂപയാണ് അപേക്ഷാഫീസ്. ഇവർ ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതിയാൽ ഫീസ് പൂർണമായും തിരിച്ചുനൽകും. ഈ വിഭാഗങ്ങളിൽ പെടാത്തവർ 500 രൂപ അപേക്ഷാഫീസായി നൽകണം. ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതിയാൽ ഇവർക്ക് 400 രൂപ തിരികെ കിട്ടും. ഓൺലൈനായി നവംബർ 22വരെ ഫീസടക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!