നോർക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്ന് ആവശ്യം
ദുബായ്: നോർക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള അവസാന തീയതി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓർമയും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദും മുഖ്യമന്ത്രിക്കു കത്ത് അയച്ചു. തുടക്ക ഘട്ടത്തിലുണ്ടായ സാങ്കേതിക തടസങ്ങളും നോർക ഐഡി കാർഡ് വിതരണം വൈകിയതും കാരണം നിരവധി പ്രവാസികൾക്ക് സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്നും അവസാന തിയതി നീട്ടണമെന്നും ഓർമയുടെ നൗഫൽ പട്ടാമ്പി (പ്രസിഡന്റ്), ഷിജു ബഷീർ (ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ അഞ്ചുദിവസത്തോളം സോഫ്റ്റ്വെയർ അപ്ലോഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനായി നിലവിലെ അവസാന തീയതിയായ ഒക്ടോബർ 31 കുറഞ്ഞത് ഒരുമാസത്തേക്കെങ്കിലും ദീർഘിപ്പിക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദും മുഖ്യമന്ത്രിക്ക് പ്രത്യേകമായി കത്തയച്ചു. പദ്ധതി പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണെന്നും, സമയപരിമിതിയും സാങ്കേതിക തടസങ്ങളും കാരണം നിരവധി പ്രവാസികൾ ഇതിൽ നിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ തീയതി ദീർഘിപ്പിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
