ജനപക്ഷ നടപടികളിലൂടെ സാമൂഹ്യക്ഷേമത്തിനുള്ള പ്രതിബദ്ധത എൽഡിഎഫ് ഊട്ടിയുറപ്പിച്ചു: സിപിഎം
ന്യൂഡൽഹി: കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ പ്രഖ്യാപനങ്ങളിൽ അഭിനന്ദനം അറിയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. നിരവധി ജനപക്ഷ നടപടികൾ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യക്ഷേമത്തോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചതിന് കേരളത്തിലെ എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ എന്ന് കേന്ദ്ര കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ക്ഷേമപെൻഷന്റെയും വിവിധ മേഖലയിലെ ശമ്പള ആനൂകല്യങ്ങളുടെയും വർധനയോടൊപ്പം സ്‌ത്രീകൾക്കും തൊഴിലന്വേഷകർക്കും കുടുംബശ്രീക്കും പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സൂക്ഷ്‌മമായി പഠിച്ചാണ് ഇൗ പദ്ധതികൾ. സ്‌ത്രീകൾക്കുള്ള സുരക്ഷാ പെൻഷനാണ് പ്രധാന പ്രഖ്യാപനം. എൽഡിഎഫിന്റെ പ്രകടനപത്രിയിൽ പറഞ്ഞിരുന്ന ഒരു വാഗ്‌ദാനം കൂടിയാണ് പ്രവർത്തനപഥത്തിലെത്തുന്നത്. ഇതിനു പുറമെ, കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, എഡിഎസിന് പ്രവർത്തന ഗ്രാന്റ്, ക്ഷേമപെൻഷൻ 2000 രൂപയാക്കിയതും അംഗനവാടി വർക്കർമാർ, ഹെൽപ്പർമാർ, സാക്ഷരത പ്രേരക്മാർ, ആശ വർക്കർമാർ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ തുടങ്ങിവരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചതും വഴി സർക്കാർ കുറിച്ചത് വികസനമുന്നേറ്റത്തിലെ പുതുചരിത്രം. സാമ്പത്തിക ഉപരോധത്തിലൂടെ കേന്ദ്രസർക്കാരും, വ്യാജപ്രചാരണങ്ങളിലൂടെ വലതുപക്ഷവും സർക്കാരിനെ ഞെരുക്കാനും തകർക്കാനും നടത്തുന്ന ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. നമ്മുടെ വികസനമാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മാനവികതയിൽ അധിഷ്ഠിതമാണ്. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന ദൃഢനിശ്ചയമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
