കേരളപ്പിറവി ദിനത്തില്‍ കണ്ണൂര്‍ കോര്‍പറേഷൻ മള്‍ട്ടി ലെവല്‍ പാർക്കിങ് കേന്ദ്രം തുറക്കും
കണ്ണൂർ: കണ്ണൂർനഗരത്തിലെ വാഹന പാർക്കിങിന് പരിഹാരമായി കണ്ണൂർ മുനിസിപ്പല്‍ കോർപ്പറേഷൻ നിർമിച്ച മള്‍ട്ടി ലെവല്‍ കാർ പാർകിങ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മള്‍ട്ടിലവല്‍ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയം കോർണറിലെ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുമെന്ന് മേയർ മുസ് ലിഹ് മഠത്തില്‍ അറിയിച്ചു. തുടർന്ന് ഒരാഴ്ച്ചക്കകം പ്രഭാത് ജങ്ഷനിലെയും ഉദ്ഘാടനം നടക്കും. നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം പാർക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നം മള്‍ട്ടിലെവല്‍ പാർകിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് മേയർ പറഞ്ഞു. കണ്ണൂർജവഹർ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലുയൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകള്‍ പാർക്ക് ചെയ്യാം. കേന്ദ്രത്തില്‍ ഒരേസമയം 124 കാറുകള്‍ക്കും പാർക്ക് ചെയ്യാം. പീതാംബര പാർക്കില്‍ ആറുനിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും. ഇവിടെ 31 കാറുകള്‍ക്ക് പാർക് ചെയ്യാനാകും. കരാർ പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടിലവല്‍ കാർ പാർക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂർത്തിയാക്കിയത്. 12.4 കോടി രൂപചെലവിലാണ് പാർകിങ് കേന്ദ്രങ്ങള്‍ നിർമിച്ചത്.ഇന്റർലോക്ക് പ്രവൃത്തി, കോംപൗണ്ട് വാള്‍ എന്നിവയുടെ പ്രവൃത്തിയും പൂർത്തിയായി.കണ്ണൂർ റെയില്‍വേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർകിങ് കേന്ദ്രം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
