സ്കോളർഷിപ്പ് ഇനത്തിൽ ആകെ അനുവദിക്കുന്നത് 303 കോടി
തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുക അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക. പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധികധനസഹായം, 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും. പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യതൊഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും. ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കാസ്പ്, കെബിഎഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐബിഡിഎസ് മുഖേന പണം അനുവദിക്കും. ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുവാൻ കെഎംഎസ്‍സിഎലിന് 914 കോടിരൂപ ഐബിഡിഎസ് മുഖേന അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
