ഒരുങ്ങി, കൂത്തുപറമ്പിൽ താലൂക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആസ്‌പത്രി
കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആസ്‌പത്രി ഉദ്ഘാടനത്തിന് ഒരുങ്ങി. നവംബർ മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കും. വൻകിട സ്വകാര്യ ആസ്‌പത്രികളെ വെല്ലുംരീതിയിൽ 60 കോടി രൂപ െചലവിട്ടാണ് 12 നിലയുള്ള കെട്ടിടം നിർമിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. 52.30 കോടി രൂപ നബാർഡ് വായ്പയും ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്. ജില്ലയിൽ സർക്കാർ മേഖലയിൽ താലൂക്കുതലത്തിൽ നിർമിച്ച ഏറ്റവും വലിയ ആസ്‌പത്രി കെട്ടിടമാണിത്.
മുൻ ആരോഗ്യമന്ത്രിയും സ്ഥലം എംഎൽഎയുമായിരുന്ന കെ.കെ. ശൈലജയാണ് കൂത്തുപറമ്പ് താലൂക്ക് ആസ്‌പത്രി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാൻ പദ്ധതിയിട്ടത്. 2020-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ കെട്ടിടത്തിന് കല്ലിട്ടത്. രണ്ട് ബേസ്‌മെന്റ് ഉൾപ്പെടെ പന്ത്രണ്ട് നിലകളോടുകൂടിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം, ഒപി വിഭാഗം. ലാബ്, എമർജൻസി ഓപ്പറേഷൻ തിയേറ്ററോടുകൂടിയ ലേബർ റൂം, ഓഫ്താൽ ഒപി, ഓഫ്താൽ ഓപ്പറേഷൻ തിയേറ്റർ, സിഎസ്‌യു, മെഡിസിൻ ഐസിയു, സർജിക്കൽ ഐസിയു, പോസ്റ്റ് ഒപി, പോസ്റ്റ് നാറ്റൽ വാർഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സർജിക്കൽ വാർഡുകൾ, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, സൂപ്രണ്ട് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ചെയിഞ്ചിങ് റൂം, മോർച്ചറി, മലിനജല ശുദ്ധീകരണ പ്ലാന്റ്, മരുന്ന് സൂക്ഷിക്കുന്ന മുറി ഇലക്ട്രിക്കൽറൂം എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. ഡയാലിസിസ് യൂണിറ്റ്, ഫാർമസി, ഫിസിയോ തെറാപ്പി സെന്റർ എന്നിവ നിലവിലുള്ള ആസ്പത്രി കെട്ടിടത്തിൽ പ്രവർത്തനം തുടരും.
20-ഓളം ഡോക്ടർമാരുടെ സേവനം നിലവിൽ ആശുപത്രിയിലുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സൗജന്യ ചികിത്സ പദ്ധതികളായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ജെഎസ്എസ്‌കെ, ആർബിഎസ്‌കെ, ആരോഗ്യ കിരണം, മെഡിസെപ്, പട്ടിക വർഗത്തിലുള്ളവർക്കായുള്ള സൗജന്യ ചികിത്സ എന്നിവ നടപ്പിലാക്കുന്നു. ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നു. കാരുണ്യ കമ്യൂണിറ്റി ഫാർമസി, എസിആർ ലാബ് (കെഎച്ച്ആർഡബ്ല്യുഎസ്), സഖി വൺസ്റ്റോപ്പ് സെന്റർ എന്നി സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കൂത്തുപറമ്പ് നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിലേയും പേരാവൂർ, ഇരിട്ടി ഭാഗങ്ങളിൽ നിന്നുൾപ്പെടെ ദിവസേന 1500-ലധികം പേരാണ് ചികിത്സ തേടി കൂത്തുപറമ്പ് താലൂക്ക് ആസ്‌പത്രിയിലെത്തുന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയാണ് കൂത്തുപറമ്പിലേത്.
12 നിലകളുള്ള ഏതാണ്ടെല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുമ്പോൾ നിലവിലുള്ളതിന്റെ രണ്ട് ഇരട്ടിയിലേറെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ലഭിച്ചാൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയൂ.
പുതിയ ആശുപത്രി കെട്ടിടം പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പാർക്കിങ് സൗകര്യമൊരുക്കുന്നതും അധികൃതർക്ക് വെല്ലുവിളിയാകും.
നിലവിലെ ആശുപത്രിയിൽ എത്തുന്നവരുടെ വാഹനങ്ങൾ തന്നെ പാർക്ക് ചെയ്യാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. വിശാലമായ പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ അത് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ തകരാറിലാക്കാനും സാധ്യതയുണ്ട്.
