നിയമലംഘനങ്ങള്‍ക്ക് ‘ബ്രേക്ക്’ ആയില്ല; ബസ്സുകളില്‍ വീണ്ടും എയര്‍ഹോണ്‍ പിടിച്ചു, ടയറുകളും വേഗപ്പൂട്ടും പ്രശ്നത്തില്‍
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ നിയമലംഘനങ്ങളും ജീവനക്കാരുടെ ലഹരിയുപയോഗവും തടയുന്നതിനായി മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധനയില്‍ നാനൂറിലധികം കേസുകളെടുത്തു. മിക്ക ഓഫീസുകളിലും 20-ല്‍ അധികം ചെക്ക് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങളുടെ സാങ്കേതികപ്പിഴവുള്പ്പെടെ പരിശോധിക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ ഡോര്‍ തുറന്നുെവച്ച് ഓടിക്കുന്നതായി കണ്ടെത്തി. തേഞ്ഞ ടയര്‍ ഉപയോഗിക്കുക, വേഗപ്പൂട്ട് വിച്ഛേദിക്കുക, എയര്‍ഹോണും മ്യൂസിക് സിസ്റ്റവും ഘടിപ്പിക്കുക, അഗ്നരക്ഷാ ഉപകരണം നീക്കുക, അലങ്കാര ലൈറ്റുകള്‍ ഘടിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
നിരവധി ബസുകള്‍ ട്രിപ്പ് റദ്ദാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെയും ഉച്ചയ്ക്കും രാത്രി വൈകിയുമുള്ള ട്രിപ്പുകളാണ് മിക്കവരും റദ്ദാക്കുന്നത്. പെര്‍മിറ്റ് പ്രകാരം യാത്ര അവസാനിപ്പിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇതിലും കേസെടുത്തിട്ടുണ്ട്. ട്രിപ്പ് ലംഘനം സ്ഥിരമാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കും. ജീവനക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വാഹനപരിശോധനയ്ക്കിടെ ഉറപ്പുവരുത്തുന്നുണ്ട്. വാഹനങ്ങളിലെ എയര്‍ ഹോണ്‍ പിടികൂടുന്നതിനായി ഒക്ടോബര്‍ 13 മുതല്‍ 19 വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നിരവധി സ്വകാര്യ ബസുകള്‍ കുടുങ്ങിയിരുന്നു. കനത്ത പിഴ ഈടാക്കിയതിനൊപ്പം എയര്‍ ഹോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിത വേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനവകുപ്പ് പരിശോധന ശക്തമാക്കിയത്. നിരോധിച്ചിട്ടുള്ള എയര്‍ഹോണുകളാണ് പല വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ളത്. ടെസ്റ്റ് സമയത്ത് അഴിച്ചുമാറ്റുന്ന ഇവ പിന്നീട് ഘടിപ്പിക്കും. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഹോണുകളാണ് ഇവ. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്ക്വാഡിനെയും ഗതാഗത കമ്മിഷണര്‍ രൂപവത്കരിച്ചിരുന്നു. സ്ക്വാഡ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
