അനുഗ്രഹം ചൊരിഞ്ഞ് കാലിച്ചേകോൻ തെയ്യത്തിന്റെ ദേശസഞ്ചാരം
കരിവെള്ളൂർ : കന്നുകാലികൾക്കും മാളടിയാന്മാർക്കും തുണയാകാനായി കാലിച്ചേകോൻ തെയ്യം ദേശസഞ്ചാരം നടത്തി അനുഗ്രഹംചൊരിഞ്ഞു. പെരളം പള്ളിക്കുളം കുളിക്കാവ് കാലിച്ചാൻ ദേവീക്ഷേത്രത്തിൽ കെട്ടിയാടിയ കാലിച്ചേകോൻ തെയ്യമാണ് ദേശസഞ്ചാരം നടത്തി ഭക്തർക്കും കന്നുകാലികൾക്കും അനുഗ്രഹംചൊരിഞ്ഞത്. കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പത്താമുദയദിവസത്തെ പ്രധാന ചടങ്ങാണ് കാലിച്ചാനൂട്ട്. ദേശസഞ്ചാരം നടത്തുന്ന കാലിച്ചേകോൻ തെയ്യത്തെ പശുത്തൊഴുത്തിലേക്ക് ആനയിച്ച് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങാണിത്. ഇതിനായി തൊഴുത്തിന്റെ കന്നിമൂല വൃത്തിയാക്കി വ്രതശുദ്ധിയോടെ കന്നുകാലികൾക്ക് ദീപം കാണിച്ച് തല ഉഴിഞ്ഞ് ഭക്ഷണം നൽകും. തുടർന്ന് തൊഴുത്തിൽവെച്ചുതന്നെ നിവേദ്യം തയ്യാറാക്കും. തെയ്യം തൊഴുത്തിനുസമീപമെത്തി തന്റെ കൈയിലെ നീളൻ ഓലക്കുടകൊണ്ട് കന്നുകാലികളെ അനുഗ്രഹിച്ച് പ്രസാദം സ്വീകരിക്കും. കാലിച്ചാനൂട്ട് ആചാരം ഇന്നും മുറതെറ്റാതെ കൊണ്ടാടുന്ന നിരവധി കർഷകർ ഗ്രാമങ്ങളിലുണ്ട്.
