അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായെങ്കിലും വിവാഹം മുടങ്ങിയില്ല, കട്ടിലിൽ കിടന്ന് മിന്നു ചാർത്തി
ചേർത്തല : അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായെങ്കിലും വിവാഹം മുടങ്ങിയില്ല, കട്ടിലിൽ കിടന്ന് മിന്നു ചാർത്തി രമേശനും ഓമനയും. ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ കളിത്തട്ടുങ്കൽ 65 വയസുള്ള രമേശനും കുറുപ്പം കുളങ്ങര ആലയ്ക്ക വെളിയിൽ 55 വയസുള്ള ഓമനയും തമ്മിലുള്ള വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഒക്ടോബർ15 ന് അപകടമുണ്ടാവുന്നത്. മതിലകം ആശുപത്രിയിലെ കാർപ്പെന്ററായ രമേശൻ സൈക്കിളിൽ വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ രമേശന്റെ കാലൊടിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും ചേർത്തല താലൂക്കാശുപത്രിയിലും ചികിത്സ.വിവാഹം മാറ്റിവയ്ക്കാൻ ആലോചിച്ചെങ്കിലും ഒരുക്കങ്ങളെല്ലാം നടത്തിയതിനാൽ നിശ്ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒക്ടോബർ 25 ന് രമേശന്റെ വീട്ടിൽ വച്ച്
ലളിതമായ ചടങ്ങ്. വിവാഹത്തിനായി രമേശനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. കിടക്കയിൽ തന്നെയിരുന്ന് രമേശൻ ഓമനയുടെ കഴുത്തിൽ താലി കെട്ടി പരസ്പരം മാല ചാർത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.
