നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി
കൊച്ചി: കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റെയിൽവേമന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്.വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.
