അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു

Share our post

കൊച്ചി:അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടന്‍ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാല്‍ സന്ധ്യയുടെ കാല്‍മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിക്കുകയും ഇടതു കാല്‍മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ കാന്‍സര്‍ മൂലം കഴിഞ്ഞവര്‍ഷം മരിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

ഞായാറാഴ്ച പുലര്‍ച്ചയായിരുന്നു സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയില്‍ അകപ്പെട്ട സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏകദേശം ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. പിന്നീട് എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂര്‍ണ്ണരൂപത്തിലാക്കുകയും ചെയ്തിരുന്നു, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങള്‍ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സന്ധ്യയുടെ ജീവന്‍രക്ഷിക്കുന്നതിനായി ഇടത്തേക്കാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കംചെയ്യേണ്ടതായി വന്നു. ഇടതുകാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും ചതഞ്ഞരഞ്ഞ മസിലുകള്‍ക്ക് തുടര്‍ ചികിത്സ ആവശ്യമാണ്. തിരക്കിനിടയിലും സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ചും മമ്മൂട്ടി ആശുപത്രി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി ചര്‍ച്ച ചെയ്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!