ബാങ്ക് അക്കൗണ്ടുകളില്‍ നാല് നോമിനികൾ വരെ

Share our post

തിരുവനന്തപുരം:ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. 2025 നവംബർ 1 മുതല്‍ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് നാല് നോമിനികളെ വരെ ചേർക്കാം. 2025-ലെ ബാങ്കിംഗ് നിയമ ഭേദഗതി നിയമ പ്രകാരമുള്ള പ്രധാന വ്യവസ്ഥകളാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ വ്യവസ്ഥകള്‍ അനുസരിച്ച്‌, അക്കൗണ്ട് ഉടമകള്‍ക്ക് ഒരേസമയം അല്ലെങ്കില്‍ തുടർച്ചയായി നാല് വ്യക്തികളെ വരെ നോമിനിയാക്കാൻ കഴിയും. ഇത് നിക്ഷേപകർക്കും നോമിനികള്‍ക്കും ലളിതമായ ക്ലെയിം സെറ്റില്‍മെന്‍റ് പ്രക്രിയയെ സുഗമമാക്കും. നോമിനേഷൻ സൗകര്യം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുക, അക്കൗണ്ട് ഉടമയുടെ മരണശേഷം ക്ലെയിം തീർപ്പാക്കുന്നത് വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ധനമന്ത്രാലയം ഈ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം സേവിങ്‌സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ (FD), ലോക്കറുകള്‍, എന്നിവയ്ക്ക് നാല് നോമിനികളെ വരെ ചേർക്കാൻ സാധിക്കും. ഒരേ സമയത്തുള്ള നോമിനേഷനോ, അല്ലെങ്കില്‍ പിന്തുടർച്ചയായ നോമിനേഷനോ തെരഞ്ഞെടുക്കാം. എന്നാല്‍, ഒരേസമയം ഒന്നിലധികം പേരെ നോമിനിയായി ചേർക്കുമ്പോള്‍, ഓരോ നോമിനിക്കും എത്ര ശതമാനം തുക ലഭിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തണം.

നോമിനികള്‍ക്കുള്ള ഓഹരിയുടെ ആകെ തുക 100% ആയിരിക്കണം. ഇത് തർക്കങ്ങളില്ലാതെ തുക വീതിക്കുന്നത് എളുപ്പമാക്കും. ഒരു നിക്ഷേപകൻ പലതവണയായി ഒന്നിലധികം പേരെ നോമിനിയായി നിശ്ചയിക്കുകയാണെങ്കില്‍, ഇതില്‍, ആദ്യത്തെ നോമിനി മരിച്ചാല്‍ മാത്രമേ, തൊട്ടടുത്തയാള്‍ക്ക് ക്ലെയിം ചെയ്യാൻ അവകാശം ലഭിക്കൂ. ഇത്തരത്തില്‍ നാല് പേരെ വരെ പിന്തുടർച്ചാ അവകാശികളായി നിശ്ചയിക്കാം. എന്നാല്‍ നിക്ഷേപ അക്കൗണ്ടുകള്‍ക്ക് ഒരേ സമയമുള്ള നോമിനേഷനോ, പിന്തുടർച്ചയായ നോമിനേഷനോ തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ട്. സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കള്‍ക്കും സേഫ്റ്റി ലോക്കറുകള്‍ക്കും തുടർച്ചയായ നോമിനേഷൻ മാത്രമേ അനുവദനീയമാവുകയുള്ളൂ. ഈ മാറ്റങ്ങള്‍ എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും ഒരേപോലെ നടപ്പാക്കുന്നതിനായി ‘ബാങ്കിങ് കമ്പനീസ് നിയമങ്ങള്‍, 2025’ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. പുതിയ നോമിനേഷൻ സൗകര്യം വഴി നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ നോമിനികളെ തെരഞ്ഞെടുക്കാനും ബാങ്കിങ് സംവിധാനത്തിലുടനീളം കാര്യക്ഷമത ഉറപ്പാക്കാനും കഴിയും. ബാങ്ക് അക്കൗണ്ടുകളില്‍ ബാക്കി നില്‍ക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്ക് നല്‍കണമെന്ന് മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ. ഒറ്റയ്ക്കോ കൂട്ടായോ തുറന്നിട്ടുള്ള സ്ഥിരനിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ഉടമയുടെ മരണശേഷം പണം സ്വീകരിക്കുന്നതിന് ഒരാളെ നോമിനി എന്ന നിലയില്‍ ചുമതലപ്പെടുത്തിയിരിക്കണമെന്നായിരുന്നു നേരത്തെയുള്ള നിയമം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!