വയനാട്ടിൽ ഹൈടെക് കാലാവസ്ഥ റഡാർ ഉടൻ സജ്ജമാകും

Share our post

കണ്ണൂർ: വടക്കൻ കേരളത്തിലെ കാലാവസ്ഥ സമഗ്രമായി നിരീക്ഷിക്കാനുള്ള പുതിയ കാലാവസ്ഥാ നിരീക്ഷണ റഡാർ വയനാട്‌ പുൽപ്പള്ളി പഴശ്ശിരാജ കോളേജിന്റെ സ്ഥലത്ത്‌ സജ്ജമാകുന്നു. ആറുകോടി ചെലവിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ സ്ഥാപിക്കുന്ന എക്സ്- ബാൻഡ് ഡോപ്ലർ കാലാവസ്ഥാ റഡാ (ഡിഡബ്ല്യൂആർ) റിന്റെ അടിത്തറ പണികളെല്ലാം കഴിഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ ടെസ്‌റ്റിങ്‌ ട്രയൽ നടക്കും. കനത്ത മഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകുമ്പോൾ സമയബന്ധിതമായി മുന്നറിയിപ്പ്‌ നൽകാൻ റഡാറിനാകും. കർണാടക ബെല്ലിനാണ്‌ നിർമാണച്ചുമതല. എല്ലാ പരിശോധനകളും നിരീക്ഷണങ്ങളും പൂർത്തിയായാൽ റഡാർ ഡാറ്റ പൊതുസഞ്ചയത്തിൽ ലഭ്യമാകും. ​ മംഗളൂരുവിലും സമാനമായ പുതിയ സി ബാർഡ്‌ റഡാർ പ്രവർത്തനഘട്ടത്തിലാണ്‌. ട്രയൽ തുടങ്ങി. രണ്ടുമാസത്തിനകം പൂർണസജ്ജമാകും. കാസർകോട്‌, കണ്ണൂർ ജില്ലകൾവരെ അതിന്റെ സേവനം ലഭിക്കും. വയനാട്‌ റഡാർകൂടി സജ്ജമായാൽ കേരളം മുഴുവൻ അത്യാധുനിക കാലാവസ്ഥാ റഡാറിന്റെ പരിധിയിൽ വരും. വയനാട്‌ റഡാറിന്റെ പരിധിയിൽ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളും കർണാടക, തമിഴ്‌നാട്‌ അതിർത്തി ജില്ലകളുമാണ്‌ ഉൾപ്പെടുക. കഴിഞ്ഞ വർഷം ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ, പുതിയ റഡാർ വയനാട്ടിൽതന്നെ സ്ഥാപിക്കുന്നതിന്‌ ഏറെ പ്രാധാന്യമുണ്ട്‌. പശ്‌ചിമഘട്ടത്തോട്‌ ചേർന്ന പ്രദേശമായതിനാൽ പുൽപ്പള്ളിയിലെ റഡാർ വടക്കൻ കേരളത്തിൽ കൂടുതൽ കൃത്യമായ കാലാവസ്ഥാ ഡാറ്റകൾ കിട്ടും. 150 കിലോമീറ്റർ പരിധിവരെ മേഘങ്ങളിലേക്ക്‌ സിഗ്‌നലയച്ച്‌ മഴയുടെ അവസ്ഥ അറിയാൻ വയനാട്ടിലെ എക്സ്- ബാൻഡ് റഡാറിനാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ്‌ പുൽപ്പളളിയിലെ സ്ഥലം ഏറ്റെടുത്ത്‌ നൽകിയത്‌. പഴശ്ശിരാജ കോളേജ് അധികൃതരുമായി 30 വർഷത്തെ പാട്ടക്കരാർ ഒപ്പുവച്ചു. നിലവിൽ, കൊച്ചിയിലും തിരുവനന്തപുരത്തും കാലാവസ്ഥാ റഡാറുണ്ട്‌. – കൊച്ചിയിലെ എസ് -ബാൻഡ് റഡാറാണ്‌ വടക്കൻ കേരളത്തിലെ കാലാവസ്ഥാ പ്രവചനത്തിന്‌ ആശ്രയിക്കുന്നത്‌. ലക്ഷദ്വീപിലും പുതിയ സി-ബാൻഡ് റഡാർ വരുന്നുണ്ട്‌. അറബിക്കടലിലെ ന്യൂനമർദം, ചുഴലിക്കാറ്റ് എന്നിവ പെട്ടെന്ന്‌ കണ്ടെത്താൻ ലക്ഷദ്വീപ്‌ റഡാർ ഉപകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!