തളിപ്പറമ്പിൽ ഷീലോഡ്ജ്
തളിപ്പറമ്പ് : നഗരമധ്യത്തിൽ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ ഷീലോഡ്ജ് ഒരുങ്ങുന്നു. ടൗണിൽ എത്തിപ്പെടുന്ന സ്ത്രീകൾക്ക് താമസത്തിനുള്ള ഇടം ലഭിക്കും. 24 പേർക്ക് രാത്രി ഉറങ്ങാം. ആധുനികരീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഏതാനും മാസങ്ങളെടുത്താണ് പ്രവൃത്തി പൂർത്തിയാക്കിയത്. 2024-ലെ പദ്ധതിയിൽ 40 ലക്ഷത്തോളം രൂപ ചെലവുവരും. കട്ടിൽ, കിടക്ക ഉൾപ്പെടെയുള്ളവ എത്തിച്ചു. ഇനി അവസാന മിനുക്കുപണികളാണ് നടത്തേണ്ടത്. നവംബർ ആദ്യത്തെ ആഴ്ച ഉദ്ഘാടനത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നഗരഭരണകർത്താക്കൾ. കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് സ്ത്രീകൾക്ക് കിടന്നുറങ്ങാനുള്ള സൗകര്യങ്ങളുള്ളത്. കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിപ്പിക്കാനാണ് ശ്രമം. നഗരസഭാ ലൈബ്രറി വികസിപ്പിച്ച് പ്രവർത്തിപ്പിക്കാനായിരുന്നു ആദ്യ ശ്രമം നടത്തിയത്. ആ പദ്ധതി ഉപേക്ഷിച്ചാണ് ഷീലോഡ്ജ് നിർമിച്ചത്. കെട്ടിടത്തിലേക്കുള്ള ലിഫ്റ്റും തയ്യാറായിട്ടുണ്ട്.
