കേളകത്ത് എല്ലാ വാർഡിലും കളിക്കളം

Share our post

കേളകം: പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിന്‌ സമ്പൂർണ കളിക്കളം പ്രഖ്യാപനം ശനിയാഴ്ച സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. പകൽ 2.30ന്‌ സെന്റ്‌ തോമസ്‌ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ്‌ ചടങ്ങ്‌. പ്രഖ്യാപനത്തോടെ എല്ലാ വാർഡുകളിലും കളിക്കളമുള്ള സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കേളകം മാറും. 13 വാർഡുകളിലായി 26 കളിക്കളങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌. 13 എണ്ണം പഞ്ചായത്തിന്റെ ഉടമസ്ഥതയിലും 13 സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്‌. ‘പ്ലേഫോർ ഹെൽത്തി കേളകം’ ജനകീയ കായിക പദ്ധതിയിലൂടെയാണ് ഇത്‌ നടപ്പാക്കിയത്‌. പദ്ധതിയുടെ ഭാഗമായി 140 വിദ്യാർഥികൾക്ക് ഫുട്ബോൾ വോളിബോൾ പരിശീലനം നൽകുന്നുണ്ട്‌. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്‌, ഷട്ടിൽ ബാഡ്‌മിന്റൺ, ബാസ്കറ്റ് ബോൾ, റോളർ സ്കേറ്റിങ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്‌, യോഗാ എന്നിവ പരിശീലിപ്പിക്കാനുള്ള സൗകര്യവുമുണ്ട്‌. ഈ മഴക്കാലം കഴിയുന്നതോടെ കളിക്കളങ്ങളെല്ലാം സജീവമാകും. ഇതിനു പുറമെ നാല് കളിക്കളങ്ങൾക്കുള്ള സ്ഥലംകൂടി ലഭ്യമായിട്ടുണ്ട്. അടക്കാത്തോട് ഗവ. യുപി സ്കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലത്ത് സ്റ്റേഡിയം നിർമിക്കുന്നതിന് പഞ്ചായത്ത്‌ ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്‌. വിദ്യാർഥികൾക്കായി ഒരു കായിക പരിശീലകനെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ സി ടി അനീഷ്‌ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!