മാനന്തവാടി -മട്ടന്നൂര്‍ നാലുവരി പാതക്ക് വേണ്ടിയുളള സ്ഥലമേറ്റെടുക്കല്‍ വീണ്ടും നീളുന്നു
പേരാവൂർ : മാനന്തവാടി – ബോയ്‌സ് ടൗണ്‍ – പേരാവൂര്‍- ശിവപുരം -മട്ടന്നൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡിന് വേണ്ടിയുളള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും ഇഴയുന്നു. റോഡ് നവീകരണത്തിന് വേണ്ടി കണ്ടെത്തിയ ഭൂമി, 2013-ലെ എല്‍.എ.ആര്‍.ആര്‍. നിയമപ്രകാരം ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം നല്‍കി കൊണ്ടുളള ഉത്തരവ് 2025 മെയ് 28ന് പുറപ്പെടുവിച്ച ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍,മണത്തണ, വെളളര്‍വെളളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലായി 84.906 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2017ലാണ് റോഡിന്റെ നടപടികള്‍ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 11 (1) നോട്ടിഫിക്കേഷനാണ് ഇനി പുറപ്പെടുവിക്കേണ്ടത്. ഇതിന് ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുളളതായിട്ടാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ തലത്തിലുളള തുടര്‍ നടപടികളാണ് വൈകുന്നത്. 11 (1) നോട്ടിഫിക്കേഷന് ശേഷമാണ് ഏറ്റെടുക്കേണ്ട ഭൂമിയില്‍ സര്‍വേ നടത്തുന്നതും മഹസര്‍ തയ്യാറാക്കുന്നതും വില നിര്‍ണയം ഉള്‍പ്പെടെയുളള നടപടികളും ആരംഭിക്കുക. എട്ടുവർഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വൈകുന്നതിനാൽ വലിയ ദുരിതമാണ് സ്ഥലമുടമ കൾ അനുഭവിക്കുന്നത്. ഭൂമിയേറ്റെടുക്കൽ ഇഴയുന്നതി നാൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മാലൂർ പഞ്ചായത്തുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലുമായി 2461 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. പലരും വീടുകളിൽ അറ്റകുറ്റപ്പണി ചെയ്യാനോ വായ്പയെടുക്കാനോ കഴിയാതെ പ്രയാസത്തിലാണ്.
