‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Share our post

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകന്‍ അടിച്ചാല്‍ തെറ്റില്ലെന്നും ജസ്റ്റിസ് സി. പ്രതീപ് കുമാര്‍ നിരീക്ഷിച്ചു. സ്‌കൂള്‍ അച്ചടക്കം, കുട്ടികളെ തിരുത്തല്‍ എന്നിവയ്ക്കായി അധ്യാപകന്‍ ചൂരല്‍ പ്രയോഗിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിദ്യാര്‍ഥി സ്‌കൂളിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുക, അവന്റെ സ്വഭാവവും പെരുമാറ്റവും മെച്ചപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ അധ്യാപകന്‍ ശാരീരിക ശിക്ഷ നല്‍കിയാല്‍ അതിനെ കുറ്റമായി കാണാന്‍ കഴിയില്ല. എന്നാല്‍ അധ്യാപകന്റെ പ്രവൃത്തി സത്യസന്ധമാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാര്‍ഥിയെ മെച്ചപ്പെടുത്താനോ തിരുത്താനോ വേണ്ടി മാത്രം നല്ല ഉദ്ദേശ്യത്തോടെയാണ് അധ്യാപകന്‍ പ്രവര്‍ത്തിച്ചത് എങ്കില്‍ അദ്ദേഹം തന്റെ പരിധിക്കുള്ളിലാണ് എന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തമ്മില്‍ തുപ്പിയും വടി ഉപയോഗിച്ച് തല്ലിയും മൂന്ന് വിദ്യാര്‍ഥികള്‍ വഴക്കിട്ടെന്ന കാരണത്താലായിരുന്നു അധ്യാപകന്‍ കുട്ടികളെ കാലില്‍ ചൂരല്‍ പ്രയോഗം നടത്തിയത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ചോ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പരിക്കേല്‍പ്പിക്കല്‍, 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ടിലെ സെക്ഷന്‍ 75 കുട്ടികളോടുള്ള ക്രൂരത എന്നി വകുപ്പുകള്‍ ചുമത്തിയ കേസ് പാലക്കാട് അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. എഫ്ഐഎസ് പരിശോധിച്ച കോടതി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കില്‍ അധ്യാപകന്‍ ഇടപെട്ടതായും അവര്‍ പരസ്പരം വടികൊണ്ട് അടിച്ചിരുന്നതായും വിലയിരുത്തി. അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കാലുകള്‍ മാത്രമാണ് അടിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സംഭവം നടന്ന് നാല് ദിവസം വൈകിയാണ് പരാതി ഉയരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വൈദ്യസഹായം വേണ്ടി വന്നിട്ടില്ല. ഇരയ്ക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കാന്‍ തെളിവുകളില്ലാത്തതിനാല്‍, വിദ്യാര്‍ത്ഥികളെ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍ ഹര്‍ജിക്കാരന്‍ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും കോടതി നിഗമനത്തിലെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തിരുത്താനുള്ള ശ്രമം മാത്രമാണ് നടന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി അവര്‍ക്ക് ദോഷം വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വിലയിരുത്തി ഹര്‍ജിക്കാരന്റെ പെരുമാറ്റം ഒരു കുറ്റകൃത്യമല്ലെന്ന് വിധിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!