റോഡ്‌ സുരക്ഷ: കുട്ടിപ്പൊലീസ്‌ മാതൃകയിൽ റോഡ്‌ സേഫ്‌റ്റി കേഡറ്റ്‌

Share our post

തിരുവനന്തപുരം: വിദ്യാർഥികൾക്ക്‌ റോഡ്‌ സുരക്ഷാപരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പും ഗതാഗതവകുപ്പും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റോഡ്‌ സേഫ്‌റ്റി കേഡറ്റിന്‌ രൂപം നൽകും. വാഹന സാന്ദ്രതയും ഗതാഗതനിയമലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ്‌ നടപടി. സ്‌കൂൾ വാഹനങ്ങൾ പരിശോധനയ്‌ക്കും സ്‌കൂളിന്‌ സമീപത്തെ ഗതാഗതക്രമീകരണത്തിനും കേഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും. സ്‌റ്റുഡന്റ്‌സ്‌ പൊലീസ്‌ കേഡറ്റ്‌ മാതൃകയിലായിരിക്കും വിദ്യാർഥികളുടെ തെരഞ്ഞെടുപ്പും പരിശീലനവും. മാവേലിക്കര കട്ടച്ചിറ ജോൺ എഫ്‌ കെന്നഡി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ പൈലറ്റ്‌ പദ്ധതി വിജയകരമാണെന്ന്‌ കണ്ടെത്തിയതോടെയാണ്‌ സംസ്ഥാനതലത്തിൽ വ്യാപിക്കാൻ തീരുമാനിച്ചത്‌. റോഡ്‌ അപകടങ്ങൾ ഉണ്ടാകുന്പോൾ നൽകേണ്ട പ്രഥമ ശുശ്രുഷ , ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും. മോട്ടോർ വാഹന വകുപ്പിന്‌ പുറമേ പൊലീസ്‌, എക്‌സൈസ്‌, ഫയർഫോഴ്‌സ്‌ എന്നീ വിഭാഗങ്ങളിൽനിന്നുള്ള പരിശീലനവും വിദ്യാർഥികൾക്ക്‌ ലഭിച്ചിരുന്നു. എട്ട്‌, ഒന്പത്‌, 11 ക്ലാസുകളിൽനിന്നായി 30 വിദ്യാർഥികളെയാണ്‌ തെരഞ്ഞെടുത്തത്‌. 15 വീതം ആൺകുട്ടികളും പെൺകുട്ടികളുമായിരുന്നു അംഗങ്ങൾ.കേഡറ്റ്‌സിന്റെ യൂണിഫോം, സിലബസ്‌, മേൽനോട്ടം ആർക്ക്‌ നൽകണം തുടങ്ങിയ കാര്യങ്ങളിൽ ഇരുവകുപ്പുംചേർന്ന്‌ ഉടൻ തീരുമാനമെടുക്കും. റോഡ്‌ സുരക്ഷാപരിശീലനത്തിന്‌ ഇത്തരമൊരുപദ്ധതി രാജ്യത്ത്‌ ആദ്യമായാണ്‌ നടപ്പാക്കുന്നത്‌. മികച്ച റോഡ്‌ സംസ്‌കാരമുള്ള നാടായി കേരളത്തെ മാറ്റിയെടുക്കുകയാണ്‌ ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!