18 വയസ് തികഞ്ഞാൽ രക്ഷിതാക്കളുടെ സ്വത്തിടപാട് നിഷേധിക്കാം: സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്ത് രക്ഷകർത്താക്കൾ വിറ്റാൽ 18 വയസ് തികയുമ്പോൾ കുട്ടിക്ക് ആ കരാർ നിഷേധിക്കാമെന്ന് സുപ്രീം കോടതി. ഈ ഇടപാട് റദ്ദാക്കാൻ പ്രത്യേകമായി കേസ് ഫയൽ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്തയാളുടെ സ്വത്തു കൈമാറ്റം, പ്രായപൂർത്തിയായ ശേഷം നിഷേധിക്കാമെന്ന് കോടതി വ്യക്തമാക്കി. സ്വത്ത് കൈമാറ്റം റദ്ദാക്കാൻ പ്രത്യേകമായി ഒരു സിവിൽ കേസ് ഫയൽ ചെയ്യേണ്ടതില്ല. ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് പ്രകാരം കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കുട്ടിയുടെ സ്ഥാവര സ്വത്ത് വിൽക്കാൻ രക്ഷിതാവിന് അവകാശമില്ല. ഇത്തരത്തിൽ നിയമലംഘനത്തിലൂടെ നടത്തുന്ന വില്പനകൾ കുട്ടിക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞ റദ്ദാക്കാവുന്നതാണ്. രക്ഷാകർത്താവ് നടത്തിയ വിൽപ്പനയെക്കുറിച്ച് കുട്ടിക്ക് അറിവില്ലാതിരിക്കാനോ, വിറ്റയാൾക്ക് സ്വത്തിന്റെ കൈവശാവകാശം ലഭിക്കാതിരിക്കാനോ സാധ്യതയുണ്ട്. അതിനാൽ, കേസ് ഫയൽ ചെയ്യുക എന്നത് ഏകമാർഗ്ഗമായി നിഷ്കർഷിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 18 വയസ്സ് തികഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ ഈ അവകാശം വിനിയോഗിക്കണമെന്നും കോടതി പറഞ്ഞു.
