തോലമ്പ്രയിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു
പേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരി പുരളിമലയുടെ ഭാഗമായ പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രത്യേക വാഹനത്തിൽ കൂട് സ്ഥലത്തെത്തിച്ചിരുന്നു, എന്നാൽ അനുമതി കിട്ടാത്തതിനാൽ കൂട് സ്ഥാപിച്ചിരുന്നില്ല.
വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കൂട് സ്ഥാപിക്കാനുള്ള ഉത്തരവ് ലഭിച്ചതിനെ തുടർന്നായിരുന്നു വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. നാട്ടുകാരുടെ സഹകരണത്തോടെ പട്ടിയുടെ ജഡം കണ്ടെത്തിയ സ്ഥലത്തിന് സമീപം വരെ എത്തിച്ചായിരുന്നു കൂട് സ്ഥാപിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ് ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, അസിസ്റ്റൻറ് ലൈഫ് വാർഡൻ രമ്യാരാഘവൻ,വനംവകുപ്പ് നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഡോക്ടർ ഏലിയാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷ്,ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, പഞ്ചായത്ത് അംഗം നിഷ പ്രദീപൻ,മാലൂർ പഞ്ചായത്ത് അംഗം ശ്രീകല സത്യൻ, പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ വിപിൻ, അനുശ്രി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു താറ്റ്യാട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിന്റെ രണ്ടുവയസ്സ് പ്രായമുള്ള ജർമൻ ഷെപ്പേട് ഇനത്തിൽപ്പെട്ട വളർത്തു നായയെ പുലി പിടിച്ചത്. വീടിൻ്റെ അരക്കിലോമീറ്റർ അകലെ കഴുത്തിന്റെയും കുടലിന്റെയും ഒരു ഭാഗം ഭക്ഷിച്ച നിലയിൽ നായുടെ ജഡം കണ്ടെത്തുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നായയുടെ ജഡത്തിന് സമീപം ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ഈ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതേ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നായിരുന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്.
