ഏഴോം ലൈഫ് ഭവനസമുച്ചയം ഉദ്ഘാടനം നാളെ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് നാലുകോടി രൂപ ചെലവിട്ട് 24 പട്ടികജാതി കുടുംബങ്ങൾക്കായി ഏഴോം കണ്ണോം ചാലായിൽ നിർമിച്ച ഭവനസമുച്ചയം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മന്ത്രി എം ബി രാജേഷ് താക്കോൽ കൈമാറുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയും വൈസ് പ്രസിഡന്റ് ബിനോയി കുര്യനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ കോവിഡ് കാലത്താണ് നിർമാണം തുടങ്ങിയത്. വിവിധ പഞ്ചായത്തുകളിലെ 24 പട്ടികജാതി കുടുംബങ്ങള്‍ക്കാണ് വീട് കൈമാറുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഭൂമിയില്‍, ഒരു കെട്ടിടത്തില്‍ നാല് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ആറ് ഇരുനില കെട്ടിടങ്ങളാണ് നിര്‍മിച്ചത്. ഓരോ വീട്ടിലും സെന്‍ട്രല്‍ ഹാള്‍, അടുക്കള, രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത് റൂം, കുടിവെള്ളം, വൈദ്യുതി കണക്ഷന് സൗകര്യങ്ങളുണ്ട്. ലൈഫ് അപേക്ഷകരിൽനിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. കുടുംബങ്ങൾക്ക് പാരമ്പര്യമായി അടുത്ത തലമുറക്ക് വീട് കൈമാറാം. എന്നാൽ, വിൽപന അധികാരമുണ്ടാകില്ല. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സ്ഥിരംസമിതി അംഗങ്ങളായ ടി സരള, എം വി ശ്രീജിനി, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന് എന്നിവര്‍ പങ്കെടുത്തു.
