പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വർഷം കഠിന തടവും 25,000 രൂപപിഴയും. പ്രതിമണിയാട്ട് സൗത്ത് സ്വദേശി ആടോട്ട് വീട്ടിൽ പ്രതീഷിനെ(44} യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. കാസർകോട് ചീമേനിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. 2022 ഡിസംബർ -2023 ജനുവരി കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിലേക്ക് കയറിവന്നായിരുന്നു പ്രതിയുടെ ആക്രമണം. വീട്ടിൽ ടി വി കാണുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെയാണ് ലൈംഗികമായി അതിക്രമിച്ചത്. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ്ബ് ഓഫ് പോലീസ് ആയിരുന്ന കെ അജിതയാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
