യാത്രക്കാരില്ല, ചെന്നൈ സെന്‍ട്രല്‍-കോട്ടയം തീവണ്ടി റദ്ദാക്കി
ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയത്തേക്ക് അനുവദിച്ച പ്രത്യേകതീവണ്ടി(06121)യുടെ ഒക്ടോബര്‍ 22-ന്റെ സര്‍വീസ് റദ്ദാക്കി. തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണം. നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് മധുരവഴി ചെങ്കോട്ടയിലേക്കനുവദിച്ചിരുന്ന പ്രത്യേകതീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്കുനീട്ടിയത്. ഒക്ടോബര്‍ ഒന്ന്, എട്ട്, 15, 22 തീയതികളിലായിരുന്നു കോട്ടയത്തേക്ക് സര്‍വീസ് നിശ്ചയിച്ചിരുന്നത്. പുനലൂര്‍, കൊട്ടാരക്കര, കൊല്ലം, ചെങ്ങന്നൂര്‍ വഴിയായിരുന്നു സര്‍വീസ്. എസി ത്രീ ടിയര്‍ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള വണ്ടിയുടെ ഒക്ടോബര്‍ ഒന്നിന്റെ സര്‍വീസില്‍ നിറയെ ആളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള സര്‍വീസുകളില്‍ പലബെര്‍ത്തും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ദീപാവലിക്ക് നാട്ടിലേക്കും തിരിച്ചും വണ്ടികിട്ടാതെ ജനം വലയുമ്പോഴാണ് പ്രത്യേകസര്‍വീസ് ആളില്ലാത്തതുകാരണം റദ്ദാക്കുന്നത്.
