അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം; അടുത്ത അ‍ഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Share our post

തിരുവനന്തപുരം: അറബിക്കടലിൽ തീവ്ര ന്യുനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദവും രൂപപ്പെട്ടു. കേരളത്തിൽ അടുത്ത അ‍ഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും 22 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area) തീവ്ര ന്യുന മർദ്ദമായി (Depression) ശക്തി പ്രാപിച്ചു. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യുന മർദ്ദമായി (Depression) ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ട്. തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ, ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ നീക്കി. കനത്ത മഴ പെയ്യാൻ സാധ്യതയുള്ള പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!