വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണം:റിപ്പോർട്ട് തേടി-വനിതാ കമ്മീഷൻ

Share our post

കണ്ണൂർ: മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി പറഞ്ഞു. കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കമ്മീഷൻ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. സതീദേവി. മാനേജ്‌മന്റ് സ്കൂളുകളിൽ ദിവസ വേതനത്തിൽ നിയമിക്കുന്ന അധ്യാപികമാർ കടുത്ത തൊഴിൽ ചൂഷണവും നീതിനിഷേധവും നേരിടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ കമ്മീഷനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെയർപേഴ്സൺ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ അനുദിനം കൂടി വരികയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, ട്രേഡിങ്ങ്, വായ്‌പകൾ എന്നിവയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായതായുള്ള പരാതികൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. മതിയായ രേഖകളില്ലാത്ത ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ കമ്മീഷന് പരിമിതിയുണ്ടെന്നും പി. സതീദേവി പറഞ്ഞു. കമ്മീഷൻ അദാലത്തിൽ 65 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികൾ പോലീസ് റിപ്പോർട്ടിന് വിട്ടു. രണ്ടു പരാതികൾ ജാഗ്രത സമിതിക്കും മൂന്ന് പരാതികൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കും കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറു പരാതികൾ ലഭിച്ചു. വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞയിഷ, അഡ്വ.കെ.എം പ്രമീള,അഡ്വ.ഷിമ്മി,കൗൺസിലർ അശ്വതി രമേശൻ എന്നിവരും പരാതികൾ പരിഗണിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!