എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം; മന്ത്രിസഭാ തീരുമാനം

Share our post

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി മന്ത്രിസഭായോ​ഗം ജില്ലാ കലക്‌ടർക്ക് നൽകി.

ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കും. ‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നൽകുക. പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചതിൽ അധികമുള്ള 50 ഫ്ലാറ്റുകളാണ് നൽകുന്നത്.

ശമ്പള പരിഷ്ക്കരണം

കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം 01.07.2019 പ്രാബല്യത്തിൽ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കും. ശമ്പള പരിഷ്കരണത്തിലെ EPF എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി. എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും.

കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കും

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനു അനുമതി നൽകി.

ഭേദഗതി

ഹൈക്കോടതി ജഡ്ജിമാരുടെ ക്യാമ്പ് ഓഫീസ് ഇനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും സർവ്വീസിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള തുക പ്രതിപൂരണം ചെയ്യുന്നതിന് 01.09.2024-ലെ പൊതുഭരണ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തും.

കാലാവധി ദീർഘിപ്പിച്ചു

കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അനൂപ് അംബികയുടെ കരാർ നിയമന കാലാവധി 11/07/2025 മുതൽ 1 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

സാധൂകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാറായി പുനർ നിയമന വ്യവസ്ഥയിൽ നിയമിതനായ എസ്.വി. ഉണ്ണികൃഷ്ണൻ നായരുടെ പുനർ നിയമന കാലാവധി 10/07/2025 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച നടപടി സാധൂകരിച്ചു.

ഭൂപരിധിയിൽ ഇളവ്

തിരുവനന്തപുരം കിംസ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് ലിമിറ്റഡിൻ്റെ കൈവശമുളള 6.48.760 ഹെക്ടർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള കടകംപള്ളി വില്ലേജിലെ 1.14.34 ഏക്കർ ഭൂമിക്ക് കേരള ഭൂപരിഷ്ക്കരണ നിയമ പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി ഭൂപരിധിയിൽ ഇളവ് അനുവദിക്കും. ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർ​ഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോ​ഗ്രാഫിക് ലബോറട്ടറിക്ക് ഭൂമി DRDO പ്രൊജക്ട് ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം പൂവാർ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉൾപ്പെട്ട 2.7 ഏക്കർ ഭൂമി ന്യായവിലയായ 2,50,14,449 രൂപ ഈടാക്കി ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർ​ഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോ​ഗ്രാഫിക് ലബോറട്ടറിക്ക് പര്യവേഷണത്തിന് പതിച്ചു നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!