ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികളും; രണ്ടാഴ്ചയ്ക്കിടെ നാട്ടുവിട്ടത് മൂന്നുകുട്ടികള്‍

Share our post

കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികള്‍. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരുവിലേക്ക് നാടുവിട്ടത് പ്ലസ്വണ്‍ വിദ്യാര്‍ഥികളായ മൂന്നുകുട്ടികള്‍. താമരശ്ശേരിയിലാണ് മൂന്നുസംഭവവും റിപ്പോര്‍ട്ടുചെയ്തത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുന്‍പില്‍ കൗണ്‍സിലിങ്ങിന് ഹാജരാക്കിയപ്പോഴാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തുവന്നത്. കുട്ടികള്‍ക്ക് വാതുവെപ്പുനടത്താന്‍ പണംനല്‍കി സഹായിച്ചത് മുതിര്‍ന്നവരുടെ സംഘമാണ്. ഇവരുടെ ഭീഷണിഭയന്നാണ് കുട്ടികള്‍ പണംകണ്ടെത്താനായി നാടുവിട്ടത്.

രണ്ടാഴ്ചമുന്‍പാണ് താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്ററില്‍ ഒരുമിച്ചുപഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ബെംഗളൂരുവിലേക്ക് നാടുവിട്ടത്. തിരിച്ചെത്തിയ ഇവരെ കമ്മിറ്റിക്കുമുന്‍പില്‍ എത്തിച്ചപ്പോള്‍ ബെംഗളൂരുവില്‍പ്പോയി തിരിച്ചെത്തിയെന്നുമാത്രമാണ് ആദ്യം പറഞ്ഞത്. എന്നാല്‍, തുടര്‍ച്ചയായുള്ള കൗണ്‍സലിങ്ങില്‍ ഇതില്‍ ഒരുകുട്ടിക്ക് ഓണ്‍ലൈന്‍ വാതുവെപ്പില്‍ രണ്ടരലക്ഷം രൂപ നഷ്ടമായതായി കമ്മിറ്റി കണ്ടെത്തി. കുട്ടിക്ക് പലതവണയായി പണമയച്ചത് 15-ഓളം മുതിര്‍ന്നവരാണെന്നും തിരിച്ചറിഞ്ഞു. ഇവരുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടെ കൗണ്‍സലിങ് റിപ്പോര്‍ട്ട് കമ്മിറ്റി പോലീസിന് കൈമാറിയിട്ടുണ്ട്.

ഈ സംഭവത്തില്‍പ്പെട്ട കുട്ടികളെ സ്വന്തംവീടുകളിലേക്ക് പറഞ്ഞുവിട്ടതിനുപിന്നാലെയാണ് ചൊവ്വാഴ്ച സമാനസംഭവം താമരശ്ശേരിയില്‍ വീണ്ടും ആവര്‍ത്തിച്ചത്. 25,000 രൂപയാണ് പുതിയസംഭവത്തില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിക്ക് നഷ്ടമായത്. ഈ കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ ജീവന് ഭീഷണി

പണംകൊടുത്തവരില്‍നിന്ന് കുട്ടികളുടെ ജീവന് ഭീഷണിനേരിടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഈ കുട്ടികള്‍ ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്രനടത്തിയിട്ടുണ്ടെന്ന വിവരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ലഹരിമാഫിയയുടെ കൈകളില്‍ കുട്ടികള്‍ പെട്ടുപോയോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!