നേരംപോക്ക്-എടക്കാനം റോഡിൽ അപകടങ്ങൾ പതിവാകുന്നു

Share our post

ഇരിട്ടി : പൊട്ടിപ്പൊളിഞ്ഞ് ദുരിതപാതയാണ് എടക്കാനം റോഡ്. കുഴിനിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുന്നു. ഇരുചക്രവഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പേടിസ്വപ്നമാണ് ഇപ്പോൾ ഈ റോഡ്. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇരിട്ടി ടൗണിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴൂർ സ്വദേശി നേരംപോക്ക് വയൽ തുടങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയിൽ നിയന്ത്രണം വിട്ട് സ്കൂട്ടറിൽനിന്ന് വീണു. കീഴൂർ സപ്തമിയിൽ റിട്ട. പോലീസ് എസ്‌ഐ പി.വി. ലക്ഷ്മണനാണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ കാൽമുട്ട് റോഡിൽ ഇടിച്ച് മുട്ടിനു പരിക്കേറ്റു. കഴിഞ്ഞദിവസങ്ങളിലും ഇതേറോഡിൽ കൊടുവേലി തോടിന്റെ കലുങ്കിന് സമീപം ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടമുണ്ടായിരുന്നു. ചാവശ്ശേരി സ്വദേശിയും പെരുമണ്ണ് സ്വദേശിയും അപകടത്തിൽപ്പെട്ടു.

ചാവശ്ശേരി സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിൽ നിറയെ കുഴികളാണ്. തുടർച്ചയായ മഴകാരണം കുഴികളിൽ വെള്ളം നിറഞ്ഞ് വലിയ കുഴിയുടെ ആഴം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഇപ്പോൾ ഓട്ടോറിക്ഷകൾ പലതും ഓട്ടം പോകുന്നില്ല. ഒരു വർഷത്തോളമായി റോഡ് ടാറിങ് നടത്തുമെന്ന് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല. റോഡ് പ്രവൃത്തികരാർ നൽകി, ഇതിനാവശ്യമായ മെറ്റൽ അടക്കമുള്ള സാധനങ്ങൾ ഇറക്കിവെച്ചിരുന്നു. എന്നാൽ, ഒന്നും നടന്നില്ല. തകർന്ന റോഡിന്റെ അരികിലൂടെ ടെലിഫോൺ കേബിളിടുന്നതിനായി കുഴികളെടുക്കുകയും കുടിവെള്ളവിതരണ പൈപ്പിടാനായി ചാലുകീറിയതും ദുരിതം ഇരട്ടിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!