ട്രാക്ക് ഉണർന്നു…ഇനി കായിക ലഹരിയിൽ എട്ട് ദിനരാത്രങ്ങൾ
തിരുവനന്തപുരം: തലസ്ഥാനത്തെ കളിമൈതാനങ്ങളിൽ കൗമാരം തൊട്ടു. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന 67ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം ഇനി കളികളുടെ തലസ്ഥാനമാണ്. എട്ട് ദിനരാത്രങ്ങൾ കണ്ണും കാതും കരളും കുട്ടികൾക്കായി സമർപ്പിക്കാം. പലനാളുകൾ, പല നാടുകൾ ഒടുവിൽ അവർ ഒരുമയുടെ ട്രാക്കിലെത്തുന്നു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ട്രാക്കുണർന്നു. ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ആഘോഷങ്ങളിലും ആരവത്തിലും അലയടിക്കുകയാണ് തലസ്ഥാന നഗരി. ചൊവ്വാഴ്ച വൈകിട്ട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയനും മന്ത്രി വി ശിവൻകുട്ടിയും ദീപശിഖ കൊളുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്കെ ഉമേഷ്, പതിനാല് ജില്ലകളിലെ ഡിഡിമാർ, ഗർഫ് പ്രതിനിധികൾ എന്നിവർ പതാക ഉയർത്തി. സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ഗുഡ്‍വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. ബുധനാഴ്‌ച മുതലാണ് മത്സരങ്ങൾ. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലസ്, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗ്രൗണ്ട്, കാലടി ഗവ. എച്ച്എസ്എസ് ഗ്രൗണ്ട്, സെന്റ് സേവിയേഴ്സ് കോളേജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച്, ടെന്നീസ് ക്ലബ് എന്നി 12 വേദികളിലാണ് മത്സരം.
കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ കാണാം. രാവിലെ 6.30മുതൽ രാത്രി എട്ടുവരെ അഞ്ച് വേദികളിൽ നടക്കുന്ന മത്സരങ്ങളാണ് തത്സമയം സംപ്രേഷണംചെയ്യുക. ഉദ്‌ഘാടന ചടങ്ങുകളും കാണാം. മറ്റ് വേദികളിലെ മത്സരങ്ങൾ റെക്കോഡ് ചെയ്ത് കാണിക്കും. കൈറ്റ് വിക്ടേഴ്സ് ആപ്പിലും victers.kite.kerala.gov.in വെബ്സൈറ്റിലും കൈറ്റിന്റെ itsvicters യൂട്യൂബ് ചാനലിലും ഇ-വിദ്യ കേരളം ചാനലിലും കാണാം. എല്ലാ മത്സരഫലങ്ങളും സര്‍ട്ടിഫിക്കറ്റും www.sports.kite.kerala.gov.in പോര്‍ട്ടല്‍വഴി ലഭിക്കും.
