ഓപറേഷൻ എയർഹോൺ; 2.50 ലക്ഷം പിഴ
കണ്ണൂർ: ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം മോട്ടോർ വാഹനവകുപ്പ് നടത്തിയ ഓപറേഷൻ എയർഹോണിൽ ജില്ലയിൽ 2.50 ലക്ഷം രൂപ പിഴയീടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വ്യാപക പരിശോധനക്ക് ഇറങ്ങിയതോടെ കാതടപ്പിക്കുന്ന എയർഹോൺ ഘടിപ്പിച്ച് ഓടിയ 73 വാഹനങ്ങൾ പിടിയിലായി. 2,000 രൂപയാണ് ഇവരിൽനിന്ന് പിഴയീടാക്കുന്നത്. ഒന്നിലേറെ തവണ നിയമലംഘനം ആവർത്തിച്ചാൽ 10,000 രൂപയും ഈടാക്കും. ഇത്തരത്തിൽ എട്ട് വാഹനങ്ങൾ പിടികൂടി. എയർഹോണുമായി ഓടിയ വാഹനങ്ങളിലേറെയും ഇതരസംസ്ഥാന ലോറികളും സ്വകാര്യ ബസുകളുമാണ്. ലോറികളും പിടികൂടി. കൂട്ടുപുഴ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ചരക്കുലോറികളിൽ എയർഹോൺ കണ്ടെത്തിയത്. എയർഹോണുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി ആർ.ടി ഓഫിസിലെത്തിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഈമാസം എട്ടു മുതൽ 19 വരെയാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നു. പലതവണ പരിശോധന നടത്തി നടപടിയെടുത്തെങ്കിലും വാഹനങ്ങളിൽ വീണ്ടും ഇവ ഉപയോഗിക്കുന്നുണ്ട്. മുന്നിൽപെടുന്ന വാഹനങ്ങളെ മറികടക്കാനായി സ്വകാര്യ ബസുകൾ എയർഹോൺ മുഴക്കി ഭയപ്പെടുത്തുന്നത് പലപ്പോഴും റോഡിൽ വാക്കേറ്റവും കൈയാങ്കളിയിലും എത്താറുണ്ട്. വാഹനങ്ങളിലെ എയർബ്രേക്കിൽ നിന്നാണ് എയർഹോണുകളിലേക്കുള്ള എയർ ശേഖരിക്കുന്നത്. ഇത് നിർമാണ കമ്പനി വാഹനം പുറത്തിറക്കിയ ശേഷം വർക് ഷാപ്പുകളിൽനിന്ന് ചെയ്യുന്നതാണ്. അശാസ്ത്രീയമായി ഘടിപ്പിക്കുന്ന എയർഹോണുകൾ എയർബ്രേക്കിലെ എയർ കുറക്കാനിടയാക്കും. പരിശോധനയുടെ ആദ്യ ദിവസങ്ങളിൽ 10 വാഹനങ്ങളിൽ ഏഴിലും എയർഹോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. പരിശോധന നടക്കുന്നത് മനസ്സിലാക്കി ഡ്രൈവർമാർ ഇത് അഴിച്ചുമാറ്റിയാണ് പിന്നീട് ഓടുന്നത്. വരും ദിവസങ്ങളിലും എയർഹോൺ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
