ഇത് അപകടപ്പാത; റോഡരികിൽ കേബിളിടാനെടുത്ത കുഴി മൂടിയില്ല
ഉളിക്കൽ : മലയോരഹൈവേയിലെ ഉളി ക്കൽ ടൗൺ മുതൽ ചമതച്ചാൽ വരെയുള്ള ഭാഗം അപകടക്കെണിയാകുന്നു. മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ 18 അപകടങ്ങൾ ഈ റൂട്ടിൽ നടന്നിട്ടും അധികൃതർ ഉറക്കം നടിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ ഒരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല. നുച്യാട് റോഡിൽ ബൈക്കപകടത്തിൽ കഴിഞ്ഞവർഷം യുവാവ് മരിച്ചതിനെത്തുടർന്ന് അധികൃതർ പ്രഖ്യാപിച്ച നടപടികൾ കടലാസിലൊതുങ്ങി. ഉളിക്കൽ മുതലുള്ള ഭാഗത്തെ റോഡരികിൽ കോൺക്രീറ്റ് ചെയ്തത് മുഴുവൻ ജല അതോറിറ്റിക്കുവേണ്ടി പൈപ്പിടാൻ ആഴത്തിൽ ചാലുകീറി. ഇവിടെ മിക്കയിടത്തും കോൺക്രീറ്റ് പുനഃസ്ഥാപിച്ചിട്ടില്ല. ഇപ്പോൾ റോഡരികിൽ ഒഎഫ്സി കേബിളിടുന്നതിനുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി പലയിടത്തും വലിയ കുഴികൾ കുഴിച്ചിട്ടുണ്ട്. ഇത് മൂടാൻ നടപടിയെടുത്തില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മുണ്ടാനൂരിൽ കുഴിയിൽ വീഴാതിരിക്കാൻ കാർ വെട്ടിക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. നുച്യാട് പാലത്തിന് തൊട്ടടുത്തുള്ള കുഴി മൂടാത്തത് ഏതുനിമിഷവും അപകടത്തിന് വഴിയോരുക്കുന്ന അവസ്ഥയാണ്. തേർമല-കണിയാർ വയൽ കിഫ്ബി റോഡിൽനിന്ന് മലയോരഹൈവേയിലെ കോക്കാട് കവലയിലേക്ക് വാഹനങ്ങൾ പെട്ടെന്ന് പ്രവേശിക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. ഇവിടെ അപകടങ്ങൾ പതിവായിട്ടും സിഗ്നൽ ബോർഡുകളോ വേഗനിയന്ത്രണത്തിനുള്ള സംവിധാനമോ ഒരുക്കിയിട്ടില്ല. ഇതുസംബന്ധിച്ച് പലതവണ പൊതുമരാമത്ത് അധികൃതർക്കും പോലീസിനും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. കോക്കാട് പെട്രോൾപമ്പിന് സമീപവും നുച്യാട് പാലത്തിനു സമീപത്തെ വളവിലും കോക്കാട് ജങ്ഷനിലും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനമൊരുക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
