പുത്തൂരിലെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ദിനംപ്രതി വേണം 36 രൂപ !
കരിവെള്ളൂർ : കെഎസ്ആർടിസി ബസിൽ പ്ലസ് ടു വരെ കുട്ടികൾക്ക് വർഷങ്ങളായി സൗജന്യയാത്രയാണ്. എന്നാൽ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ പുത്തൂരിലെ കുട്ടികൾക്ക് ആകെയുള്ള ഒരു കെഎസ്ആർടിസി ബസിൽ സ്കൂളിൽ പോയിവരണമെങ്കിൽ ഒരുദിവസം 36 രൂപ നൽകണം. പുത്തൂരിലെ മാത്രമല്ല പെരളം, കൊഴുമ്മൽ, കണിയാംകുന്ന്, മാലാപ്പ് ഭാഗങ്ങളിലുള്ള കുട്ടികൾക്കെല്ലാം കെഎസ്ആർടിസി ബസിൽ സൗജന്യയാത്രയില്ല. പഞ്ചായത്തിലെ പെരളം വില്ലേജിന്റെ എല്ലാഭാഗത്തുമുള്ള ഭൂരിഭാഗം കുട്ടികളും എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്നത് ദേശീയപാതയോരത്തുള്ള എവി സ്മാരക സ്കൂളിലാണ്. പുത്തൂർ അമ്പലമൈതാനത്തുനിന്ന് എട്ട് കിലോമീറ്ററോളം അകലെയുള്ള സ്കൂളിലേക്കെത്താൻ 18 രൂപയാണ് ചാർജ്. ദിവസം അഞ്ച് തവണ ട്രിപ്പ് നടത്തുന്ന ഒരു കെഎസ്ആർടിസി ബസ് മാത്രമാണ് വിദ്യാർഥികൾക്ക് ആശ്രയം. കെഎസ്ആർടിസി ബസ് മാത്രം ഓടുന്ന റൂട്ടിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കണമെന്നാണ് നിയമം. എന്നാൽ ഒരു ബസ് മാത്രമേ ഓടുന്നുള്ളൂ എന്ന കാരണം പറഞ്ഞ് വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
രാവിലെയും വൈകീട്ടും സ്കൂളിൽ പോയി മടങ്ങാൻ പാകത്തിൽ കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. ദിവസേന നൂറോളം കുട്ടികൾ ഈ ബസിൽ യാത്രചെയ്യുന്നുമുണ്ട്. കർഷകത്തൊഴിലാളികളായ നിരവധിപേർ താമസിക്കുന്ന പ്രദേശമാണ് പുത്തൂർ. എവി സ്മാരക സ്കൂളിലേക്ക് മാത്രമല്ല മറ്റ് വിദ്യാലയങ്ങളിലും പുത്തൂർ, പെരളം, കൊഴുമ്മൽ ഭാഗങ്ങളിലെ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. ഒരുമാസം യാത്രാ ഇനത്തിൽ മാത്രം ഒരു കുട്ടിക്ക് 1000 രൂപയോളമാണ് ചെലവാക്കേണ്ടിവരുന്നത്.വലിയ പ്രയാസമാണ് ഇതുകാരണം അനുഭവിക്കുന്നത്. വലിയ തുക നൽകാനില്ലാത്തതുകൊണ്ട് നിരവധി കുട്ടികൾ സൈക്കിളിലാണ് സ്കൂളിലേക്ക് പോകുന്നത്. എന്നാൽ രാവിലേയും വൈകീട്ടും എട്ട് കിലോമീറ്ററോളം സൈക്കിൾ ചവിട്ടുമ്പോൾ കുട്ടികൾക്ക് വലിയ ക്ഷീണമനുഭവപ്പെടുന്നുവെന്ന് രക്ഷാകർത്താക്കൾ പറയുന്നു. മറ്റ് സ്ഥലങ്ങളിലെ വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര ചെയ്യുമ്പോൾ ഒരു പ്രദേശത്തുള്ള കുട്ടികൾക്ക് മാത്രം അത് നിഷേധിക്കുന്നത് ശരിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. നഷ്ടം വരും എന്ന കാരണംപറഞ്ഞ് വിദ്യാർഥികളുടെ ആനുകൂല്യം നിഷേധിക്കുന്ന സമീപനം മാറ്റണമെന്നാണ് രക്ഷാകർത്താക്കളും കുട്ടികളും ആവശ്യപ്പെടുന്നത്.
