യുവാവിനെ മർദിച്ച് കവർച്ച നടത്തിയ കേസ്: പ്രതി കൊടിമരം ജോസ് പിടിയിൽ
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി കൊടിമരം ജോസ് ആണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പത്തനംതിട്ട സ്വദേശിയായ യുവാവിനെ മർദിച്ച ശേഷം കവർച്ച നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറച്ച് നാളായി ജോസ് ഒളിവിലായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലും റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
