തലശ്ശേരി-കൊടുവള്ളി- വിമാനത്താവളം റോഡ്; സർവേ ഡിസംബറോടെ പൂർത്തിയാകും
മട്ടന്നൂർ : തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ പുരോഗമിക്കുന്നു. തുടർന്ന് ഏറ്റെടുക്കേണ്ട പ്രദേശത്തുള്ള വസ്തുവകകളുടെ മൂല്യനിർണയം ഉൾപ്പെടെ നടത്തും. ഡിസംബറോടെ സർവേ പൂർത്തീകരിക്കാനാണ് ശ്രമം. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 11 (1) വിജ്ഞാപനം ഈ വർഷം ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നു. കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം വരെ 24.5 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടത്. പഴശ്ശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി, തലശ്ശേരി വില്ലേജുകളിൽനിന്നായാണ് സ്ഥലം ഏറ്റെടുക്കുക.
നിർമാണച്ചുമതല കെആർഎഫ്ബി
കെആർഎഫ്ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല. സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. റോഡ് നിർമിക്കാനായി 188-ഓളം പേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് തൃക്കാക്കര ഭാരതമാത സ്കൂൾ ഓഫ് സോഷ്യൽ വർക്ക് തയ്യാറാക്കിയ സാമൂഹികാഘാത പഠനറിപ്പോർട്ടിൽ പറയുന്നത്. 749 വീടുകളും 140 കടകളും 15 പൊതുമേഖലാസ്ഥാപനങ്ങളും റോഡിനായി പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടി വരും. 4441 മരങ്ങൾ മുറിച്ചുനീക്കണം.
റോഡിന്റെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടുവർഷം മുൻപ് പൂർത്തിയാക്കിയിരുന്നു. പ്രാഥമിക സർവേയും നടത്തിയിട്ടുണ്ട്. ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ വി.പി. നസീമയുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്.
സർവേയും വസ്തുവകകളുടെ മൂല്യനിർണയവും പൂർത്തിയാക്കിയ ശേഷം നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലമേറ്റെടുപ്പ് നടത്തും.
കണ്ണൂർ വിമാനത്താവള കവാടം മുതൽ വായന്തോട് വരെയുള്ള ഭാഗം വരെ റോഡിന്റെ ഭാഗമായി നവീകരിക്കുന്നുണ്ട്. ഇതിനുള്ള സ്ഥലമെടുപ്പിൽ അപാകം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. റോഡിന്റെ ഒരു വശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ കളക്ടർക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്ന് പറയുന്നു.
