സംസ്‌കൃത സര്‍വകലാശാല: പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, പ്രവേശന നടപടികള്‍ അറിയാം
തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ ഫുള്‍ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 25 വരെ www.ssus.ac.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് 150 രൂപ. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകാമ്പസിലായിരിക്കും നടത്തുക.
പ്രോഗ്രാമുകള്‍
സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, മ്യൂസിക്, കംപാരറ്റീവ് ലിറ്ററേച്ചര്‍, സോഷ്യല്‍ വര്‍ക്ക് , സോഷ്യോളജി, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, ഫിസിക്കല്‍ എജുക്കേഷന്‍.
യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി, ഭിന്നശേഷി,
ഇ.ഡബ്ല്യു.എസ്, ജി.എന്‍ സി.പി വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള അഞ്ചുശതമാനം മാര്‍ക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കിയവര്‍ക്കും യുജിസി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. 2024 ഒക്ടോബറിനുശേഷം യുജിസി നെറ്റ് യോഗ്യത നേടിയവരെ പൊതു പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതത് പഠനവിഭാഗങ്ങള്‍ നടത്തുന്ന പൊതുപ്രവേശനപരീക്ഷ/യുജിസി നെറ്റ് സ്‌കോര്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നവംബര്‍ മൂന്നു മുതല്‍ ആരംഭിക്കുന്ന പ്രവേശനപരീക്ഷ അതത് പഠനവിഭാഗങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍ ഒക്ടോബര്‍ 28 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് നവംബര്‍ 12-ന് പ്രസിദ്ധീകരിക്കും. ഇവര്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ 17-നു മുന്‍പായി അതത് വകുപ്പ് മേധാവികള്‍ക്ക് ഇ-മെയിലായി അയക്കണം. 19 മുതല്‍ 21 വരെ അതത് പഠനവകുപ്പുകളില്‍ ഇന്റര്‍വ്യൂ നടക്കും. അന്തിമ ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും.
