കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ്
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുംവിധം എയർ ഇന്ത്യ എക്സ്‌പ്രസ് 42 സർവീസുകൾ നിർത്തലാക്കുന്നു. 26 മുതൽ വിന്റർ സീസൺ തുടങ്ങുന്ന സാഹചര്യത്തിലാണ് സർവീസ് വെട്ടിക്കുറയ്‌ക്കൽ. പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാട് കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്‌ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്പോഴാണിത്. കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസ് വെട്ടിക്കുറയ്‌ക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ് തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് യോഗം വിളിച്ചിരുന്നു. സർവീസുകൾ പുനരാരംഭിക്കുമെന്ന് അവർ മുഖ്യമന്ത്രിക്ക് ഉറപ്പും നൽകി. എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഏതാനും സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചത്. കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ സർവീസ് തിരിച്ചുകൊണ്ടുവരാൻ തയ്യാറായിട്ടില്ല. പൂർണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള വിമാനത്താവളമാണ് കണ്ണൂർ. തിരുവനന്തപുരത്തിനുപുറമെ അഹമ്മദാബാദ്, മുംബൈ, ജയ്പുർ, ലക്‌നൗ തുടങ്ങി പ്രധാനപ്പെട്ട 10 വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിനുണ്ട്. അവർക്ക് അനുകൂലമായ നിലപാടാണ്‌എയർ ഇന്ത്യ എക്സ്‌പ്രസ് എടുക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് സർവീസ് വെട്ടിക്കുറയ്‌ക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ ഈ സീസണിൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകാറുണ്ട്. മൂന്നാർ, കോവളം പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള ടൂറിസ്റ്റുകളാണ് അധികവും. എന്നിട്ടും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ് തയ്യാറായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിലെ വ്യാപാര സ്ഥാപനങ്ങളെയും ടാക്സി ജീവനക്കാരെയും കാർഗോ ഉൾപ്പെടെയുള്ള അനുബന്ധ ഘടകങ്ങളെയും സർവീസ് വെട്ടിക്കുറയ്‌ക്കൽ പ്രതികൂലമായി ബാധിക്കും.
