ഉണ്ണികൃഷ്ണൻ പോറ്റി ഒക്ടോബർ 30വരെ കസ്റ്റഡിയിൽ; വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30വരെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക. വിശദമായി ചോദ്യംചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് പോകുമെന്നാണ് സൂചന. പ്രത്യേക അന്വേഷണസംഘം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടി. വെള്ളി 12മണിയോടെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഹാജരാക്കിയത്. പത്തുമണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ വെള്ളി പുലർച്ചയോടെ പ്രത്യേക അന്വേഷണ സംഘം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്-പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. സ്വർണമോഷണത്തിലെ ഗൂഢാലോചന ഉൾപ്പെടെ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചതായാണ് സൂചന.
