പാലിയേക്കരയിൽ ടോൾ പിരിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി. 71 ദിവസത്തിന് ശേഷമാണ് ടോൾ വിലക്ക് നീക്കുന്നത്. ആഗസ്ത് 6നാണ് ടോൾ പിരിവിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ഉപാധികളോടെയാണ് പാലിയേക്കരയിൽ ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയത്. പുതിയ നിരക്ക് ഈടാക്കരുതെന്ന് കോടതി നിർദേശിച്ചു. ടോൾ പിരിവ് വിലക്കിയ ഇടക്കാല ഉത്തരവ് നീക്കുന്നത് സംബന്ധിച്ച് ഹർജി ഇന്ന് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവ്. നിലവിൽ ഗതാഗതക്കുരുക്ക് കൂടുതലുള്ള ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങൾ സന്ദർശിച്ച് പരിഹാരം നിർദേശിക്കാൻ കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയോട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നു. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്നും ഗതാഗതം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ദേശീയപാത അതോറിറ്റിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ഓരോ ദേശീയപാതയുടെ കാര്യത്തിലും പ്രത്യേകം നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും നയപരമായ നിർദേശങ്ങൾ മാത്രമെ നൽകാനാകൂവെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. 65 കിലോമീറ്റർ പാതയിൽ അഞ്ചു കിലോമീറ്ററിൽ മാത്രമാണ് പ്രശ്നങ്ങളുള്ളത്. ടോള്‍ പിരിവ് നിർത്തിയത് റോഡ് അറ്റകുറ്റപ്പണികളെ ബാധിക്കും. ടോൾ നിര്‍ത്തുന്നത് കരാർ കമ്പനിയുമായി നിയമവ്യവഹാരത്തിന് വഴിവയ്‌ക്കും. ചിലസമയങ്ങളിൽ റോഡുകളിൽ തിരക്കേറുന്നത് രാജ്യമൊട്ടാകെയുള്ളതാണ്. അത് ടോൾ ഇല്ലെങ്കിലും സംഭവിക്കും. മെച്ചപ്പെട്ട റോഡ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നതെന്നും ടോൾ നിരക്ക് തീരുമാനിക്കുന്നത് ദേശീയപാത അതോറിറ്റിയാണെന്നും പറഞ്ഞു. ദേശീയപാതയിലെ തിരക്ക് മുമ്പുണ്ടായിരുന്നതുപോലെ തുടരുകയാണെന്ന് തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ കോടതിയെ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും കലക്ടർ കോടതിയിൽ അറിയിച്ചിരുന്നു.
