മന്ത്രി വാക്കുപാലിച്ചു: സ്കൂൾ ഒളിമ്പിക്സിൽ ഇത്തവണ കളരിയും പയറ്റാം; മൂന്ന് ഇനങ്ങളിൽ മത്സരം
തിരുവനന്തപുരം: കളരിപ്പയറ്റ് സ്കൂൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുമെന്ന വാക്കുപാലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരി മത്സരയിനമായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുന്നതായും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. സ്കൂൾ ഒളിമ്പിക്സിൽ അണ്ടർ 17, അണ്ടർ 19 കാറ്റഗറികളിൽ മൂന്ന് ഇനങ്ങളിലാണ് കളരിപ്പയറ്റ് മത്സരം നടത്തുക. ചുവടുകൾ(വ്യക്തിഗതം), മെയ് പയറ്റ് (വ്യക്തിഗതം), നെടുവടിപയറ്റ് ( രണ്ട് പേരടങ്ങുന്ന സംഘം) എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 20ന് മുമ്പ് നേരിട്ട് നടത്തി പൂർത്തിയാക്കണം. ജില്ലായിൽ നിന്ന് നേരിട്ട് സസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന് sports.kite.kerala.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യോഗ്യതാ സർട്ടിഫിക്കറ്റുമായി ആണ് മത്സര സമയം രജിസ്ട്രേഷനായി എത്തേണ്ടത്. കളരിപ്പയറ്റ് ഉൾപ്പെടെ സ്കൂൾ ഒളിമ്പിക്സിൽ ഇത്തവണ മുതൽ പുതിയ മൂന്ന് മൂന്നിനങ്ങൾ കൂടി ഉൾപ്പെടുത്തി. ഫെൻസിംഗ്, യോഗ മത്സരങ്ങളാണ് ഉൾപ്പെടുത്തിയ മറ്റ് മത്സരങ്ങൾ. ഫെൻസിംഗ് അണ്ടർ 14, 17 , യോഗ അണ്ടർ 14, 17 എന്നീ വിഭാഗം മത്സരങ്ങളായിരിക്കും നത്തുക. സ്കൂൾ ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ നിഷ്കർഷിച്ചിരിക്കുന്ന നിയമാവലി അനുസരിച്ചായിരിക്കും മത്സരങ്ങൾ നടത്തുക.
