ദേശീയസ്ഥാപനങ്ങളില്‍ മെഡിക്കല്‍/ഡെന്റല്‍ പിജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങള്‍ അറിയാം
ന്യൂ ഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സ് (ഐഎന്‍ഐ) കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (സിഇടി) 2026 ജനുവരി സെഷന് അപേക്ഷിക്കാം.
സ്ഥാപനങ്ങള്‍, കോഴ്സുകള്‍
അഞ്ച് ദേശീയസ്ഥാപനങ്ങളിലെ മെഡിക്കല്‍/ഡെന്റല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ഐഎന്‍ഐ സിഇടി നടത്തുന്നത്.
സ്ഥാപനങ്ങള്‍: എയിംസ് (ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോദ്പുര്‍, നാഗ്പുര്‍, പട്ന, റായ്പുര്‍, ഋഷികേശ്, ബിബിനഗര്‍, ബഠിന്‍ഡ, ദിയോഗര്‍, മംഗളഗിരി, റായ്ബറേലി, കല്യാണി, ബിലാസ്പുര്‍, ഗോരഖ്പുര്‍, ഗുവാഹാട്ടി, രാജ്കോട്ട്, ജമ്മു തുടങ്ങിയവ), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് -ജിപ്മര്‍ (പുതുച്ചേരി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് -നിം ഹാന്‍സ് (ബെംഗളുരു), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് -പിജിഐഎംഇആര്‍ (ചണ്ഡിഗഢ്), ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി -എസിടിഐഎംഎസി (തിരുവനന്തപുരം).
പ്രോഗ്രാമുകള്‍
വിവിധ സ്ഥാപനങ്ങളിലായി എംഡി/എംഎസ്/എംസിഎച്ച് (ആറു വര്‍ഷം), ഡിഎം (ആറു വര്‍ഷം)/എംഡിഎസ്/എംഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍)
യോഗ്യത
എംഡി, എംഎസ്, എംസിഎച്ച് (ആറുവര്‍ഷം), ഡിഎം (ആറുവര്‍ ഷം), എംഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍) പ്രവേശനത്തിന് അപേക്ഷിക്കാന്‍ അംഗീകൃത എംബിബിഎസ് ബിരുദവും എംഡിഎസ് പ്രവേശനത്തിന് അംഗീകൃത ബിഡിഎസ് ബിരുദവും വേണം.
നിര്‍ബന്ധിത റോട്ടേറ്റിങ് ഇന്റേണ്‍ഷിപ്പ്/ പ്രായോഗിക പരിശീലനം (12 മാസം) 2026 ജനവരി 31-നകം പൂര്‍ത്തിയാക്കിയിരിക്കണം.
ചണ്ഡീഗഢ് പിജിഐഎംആറിലെ എംഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍) പ്രവേശനം തേടുന്നവര്‍ക്ക് പൊതു യോഗ്യതയ്‌ക്കൊപ്പം ഒരു ആശുപത്രിയില്‍ ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ജനറല്‍ പ്രാക്ടീസില്‍ അഞ്ച് വര്‍ഷത്തെ പരിചയമോ 2026 ജനുവരി 31-ല്‍ ഉണ്ടായിരിക്കണം.
മാര്‍ക്ക് വ്യവസ്ഥ
പട്ടിക വിഭാഗക്കാര്‍ക്ക് എംബിബിഎസ്/ബിഡിഎസ് കോഴ്സില്‍ മൊത്തത്തില്‍ (എല്ലാ പ്രൊഫഷണല്‍ പരീക്ഷകള്‍ക്കും കൂടി) 50 ശതമാനം മാര്‍ക്ക് വേണം. മറ്റെല്ലാ വിഭാഗക്കാര്‍ക്കും 55 ശതമാനം മാര്‍ക്ക് വേണം.
വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ www.aiimsexams.ac.in ലെ പ്രോസ്‌പെകസ് പാര്‍ട്ട് എ/പാര്‍ട്ട് ബിയില്‍ ലഭിക്കും (അക്കാദമിക് കോഴ്സസ് > പോസ്റ്റ് ഗ്രാജ്വേറ്റ് ലിങ്കുകള്‍ വഴി പോകണം)
പാര്‍ട്ട് എയില്‍ പൊതു പ്രവേശന യോഗ്യത, പ്രവേശന പരീക്ഷ, അപേക്ഷാ ഫീ, സീറ്റ് അലോക്കേഷന്‍ രീതി തുടങ്ങിയവയുടെ വിവരങ്ങള്‍ ലഭിക്കും.
പാര്‍ട്ട് ബി, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രോസ്‌പെക്ടസുകള്‍ ആണ്. ഓരോ സ്ഥാപത്തിലെയും കോഴ്സുകള്‍ സ്ഥാപനതല പ്രവേശന യോഗ്യത, സാലറി/സ്‌റ്റൈപ്പെന്‍ഡ്, അവധി വ്യവസ്ഥകള്‍, ഹോസ്റ്റല്‍, പ്രവേശന ഫീ, റസിനേഷന്‍, പെനാല്‍ട്ടി തുടങ്ങിയ വിവരങ്ങള്‍ അതത് സ്ഥാപന പ്രോസ്‌പെക്ടസില്‍ (പാര്‍ട് ബി) ലഭിക്കും.
പരീക്ഷ
കംപ്യൂട്ടര്‍ ബേസ്ഡ് രീതിയില്‍ നവംബര്‍ ഒന്‍പതിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (സിംഗിള്‍ കറക്ട് ചോയ്സ്, മള്‍ട്ടിപ്പിള്‍ കറക്ട് ചോയ്സ്) ഉണ്ടാകും. ചോദ്യങ്ങള്‍ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കും. ഓരോ ഭാഗത്തും 45 മിനിറ്റില്‍ ഉത്തരം നല്‍കേണ്ട 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. നിശ്ചിതക്രമത്തിലേ, ചോദ്യങ്ങള്‍ കാണാനും ഉത്തരം രേഖപ്പെടുത്താനും കഴിയു. ലഭിക്കുന്ന ഭാഗത്തെ ചോദ്യങ്ങള്‍ കാണാനും ഉത്തരം നല്‍കാനുമുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ സൗകര്യം സ്വയം ഇല്ലാതാകും. അടുത്ത ഭാഗം സ്വയം സജീവമാകും. ഓരോ ഭാഗവും 45 മിനിറ്റ് കഴിയുമ്പോള്‍ സ്വയം ‘സബ്മിറ്റഡ്’ ആകും. 180 മിനിറ്റ് കഴിയുമ്പോള്‍ പരീക്ഷയും സ്വയം ‘സബ്മിറ്റഡ്’ ആകും.
ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാല്‍ മൂന്നിന് ഒന്ന് പ്രകാരം മാര്‍ക്ക് നഷ്ടപ്പെടും.
യോഗ്യതനേടാന്‍
യോഗ്യതനേടാന്‍ 50-ാം പെര്‍സന്റെല്‍ സ്‌കോര്‍ നേടണം. പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാര്‍ 45-ാം പെര്‍സന്റൈല്‍ സേ്കാറും.
രജിസ്‌ട്രേഷന്‍, തുടര്‍നടപടികള്‍
ഒക്ടോബര്‍ 21-ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ബാധകമെങ്കില്‍, സാധുവായ സര്‍ട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒബിസി/ഇഡബ്ല്യുഎസ്/ഭിന്നശേഷി)/ഒസിഐ കാര്‍ഡ് എന്നിവയും ഈ സമയപരിധിക്കകം അപ്‌ലോഡ് ചെയ്യണം.
അപേക്ഷാ ഫീ 4000 രൂപ. പട്ടിക ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 3200 രൂപ. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം. ഭിന്ന ശേഷിക്കാര്‍ക്ക് അപേക്ഷാ ഫീ ഇല്ല. രജിസ്‌ട്രേഷന്‍ നില 24-ന് പ്രസിദ്ധപ്പെടുത്തും.
നിരാകരിച്ച ഇമേജുകള്‍, രജിസ്‌ട്രേഷനിലെ പിശകുകള്‍ എന്നിവ തിരുത്താന്‍ 26-ന് വൈകീട്ട് അഞ്ച് വരെ സൗകര്യം ഉണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അന്തിമനില നവംബര്‍ ഒന്നിന് പ്രസിദ്ധപ്പെടുത്തും. അഡ്മിറ്റ് കാര്‍ഡും അന്ന് സൈറ്റില്‍ ലഭ്യമാക്കും. ഫലം നവംബര്‍ 15-ന് പ്രതീക്ഷിക്കാം.
സീറ്റ് അലോക്കേഷന്‍
ഫലപ്രഖ്യാപനത്തിനുശേഷം സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് അലോക്കേഷന്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തും. കുറഞ്ഞത് രണ്ട് റൗണ്ടുകള്‍ ഉണ്ടാകും. തുടര്‍ന്ന് ഓപ്പണ്‍ റൗണ്ടും. സമയക്രമം പിന്നീട് അറിയിക്കും.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ എംഡി ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (മൂന്നു വര്‍ഷം) പ്രോഗ്രാം ഉണ്ട്. കോഴ്സുകള്‍ ജനുവരി ഒന്നിന് തുടങ്ങും. പ്രവേശനനടപടികള്‍ ഫെബ്രുവരി 28-ന് പൂര്‍ത്തിയാക്കും.
