ചെവി പൊട്ടിക്കുന്ന എയര്‍ ഹോണുകള്‍ സ്വാഹ!; രണ്ട് ദിവസത്തിനുള്ളില്‍ പിഴയിട്ടത് 8.21 ലക്ഷം രൂപ
തിരുവനന്തപുരം: നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്ന 422 വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. 8.21 ലക്ഷം രൂപ പിഴ ചുമത്തി. 1.22 ലക്ഷം രൂപ പിഴ ഈടാക്കി. വാഹനങ്ങളിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 347 ചെക് റിപ്പോര്‍ട്ടുകളും തയ്യാറാക്കി. ബുധന്‍, വ്യാഴം ദിവസങ്ങളിലെ പരിശോധനാവിവരങ്ങളാണ് മോട്ടോര്‍വാഹന വകുപ്പ് പുറത്തുവിട്ടത്. ഉദ്യോഗസ്ഥര്‍ വിഷന്‍ 2031 ശില്പശാലയുടെ തിരക്കിലായിരുന്നതിനാല്‍ ബുധനാഴ്ച ദക്ഷിണ മേഖലയില്‍ പരിശോധനയുണ്ടായിരുന്നില്ല. 20 വരെ പരിശോധനയുണ്ടാകും. വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എയര്‍ഹോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ഓഫീസിലേക്കു മാറ്റുന്നുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ 390 കേസെടുത്തിരുന്നു.
മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ കഴിഞ്ഞദിവസമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കണ്ടെത്താനുള്ള പരിശോധന നടത്തുക. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി. അനുമതിയില്ലതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്ന തരത്തിലാണ് നിര്‍ദേശം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേനെ കൈമാറണം. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
രണ്ടാംശനിയും ഞായറാഴ്ചയും അവധിയായിരുന്നതിനാല്‍ നിലവില്‍ ഇത് ഉത്തരവായല്ല വന്നത്. പകരം ഉത്തരവാദപ്പെട്ട മോട്ടാര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്കാണ് ഉന്നതോദ്യോഗസ്ഥരുടെ വാട്സാപ്പ് സന്ദശം ലഭിച്ചത്. പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെയും കമ്മിഷണര്‍ രൂപവത്കരിച്ചിട്ടുണ്ട്. സ്‌ക്വാഡ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ എയര്‍ഹോണ്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും. അനധികൃതഘടകങ്ങള്‍ വാഹനങ്ങളില്‍ പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ പിഴ ചുമത്താം. രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഇവ നീക്കി വാഹനം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കാം. എയര്‍ഹോണുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍വേണ്ടിയാണ് പിടിച്ചെടുക്കുന്നത്. സാധാരണ ഇവ ഓഫീസുകളില്‍ സൂക്ഷിക്കാറുണ്ട്. നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്.
