പള്ളൂരിൽ അർധരാത്രി പോലീസിന് നേരെ കൈയേറ്റം; ഒരാൾ അറസ്റ്റിൽ,പത്ത് പേർക്കെതിരെ കേസ്
മാഹി: പള്ളൂരിൽ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ പള്ളൂർ പോലീസിൻ്റെ നേതൃത്വത്തിൽ സ്പെഷൽ റൗണ്ട്സ് നടത്തവെ പള്ളൂർ അറപിലകത്ത് പാലത്തിനടുത്ത് വെച്ചാണ് നാലംഘ സംഘം പോലീസ് വാഹനം തടയുകയും അക്രമം നടത്താനൊരുങ്ങുകയും ചെയ്തത്. തുടർന്ന് മാഹി സർക്കിൾ ഇൻസ്പക്ടർ പി.എ അനിൽ കുമാറിൻ്റയും പള്ളൂർ എസ്.ഐ ഹരിദാസൻ്റെയും നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി ഒരാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചൊക്ലി കാഞ്ഞിരമുള്ള പാമ്പിനടുത്തുള്ള ചോട്ടാസ് സച്ചു എന്ന ജിഷ്‌ണുവിനെ (26)യാണ് പോലിസ് അറസ്റ്റു ചെയ്തത്.
സച്ചു എന്ന അമൽരാജ്, വിഷ്‌ണു എന്ന വിഷ്ണു രോഹിത്, മാനസ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 6 പേർക്കെതിരെയും ആണ് കേസെടുത്തത്. ഇവരുടെ കൈയ്യേറ്റത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇതേ സംഘം കേരള പോലീസിലെ ഒരു എസ്.ഐ.യെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഈ പ്രതികളിൽ ചിലർ മുൻപ് സ്ഫോടകവസ്തുക്കൾ പ്രയോഗിച്ചതിനും കേസിൽ പ്രതികളായിട്ടുണ്ട്. ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും നേരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പള്ളൂർ പോലീസിൻ്റെ നേതൃത്വത്തിൽ അർധരാത്രിയിൽ ഈ പ്രദേശത്ത് പരിശോധനയ്ക്കത്തിയത്. മാഹി മേഖലയിൽ റൗഡിസത്തിൽ ഏർപ്പെടുന്ന ക്രമിനലുകൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പക്ടർ പി.എ അനിൽ കുമാർ അറിയിച്ചു. അത്തരം പ്രവൃത്തികൾ ചെയ്യുന്നവരുടെ പട്ടിക പോലീസ് തയ്യാറാക്കിവരുകയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.
