പവന് 94,500 രൂപ കടന്നു, കള്ളൻമാർക്ക് കൂടുതൽ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം തീരെ വേണ്ടെന്ന് റെയില്‍വെ

Share our post

കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയിൽ ധരിക്കുന്ന മുക്കുപണ്ടവും മോഷ്ടാക്കളെ മോഹിപ്പിക്കും. കള്ളൻമാർക്ക് കൂടുതൽ പ്രിയം സ്വർണപ്പാദസരങ്ങളാണ്. മുകൾ ബെർത്തിൽ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം വിദഗ്ധമായി പൊട്ടിച്ചെടുക്കും. ഒരു വണ്ടിയിൽ സംഘമായി എത്തി വെവ്വേറെ കവർച്ചനടത്തി മറയുക എന്ന രീതിയുമുണ്ട്. കൊങ്കൺപാതയിലാണ് ഇത്തരം മോഷണം ഏറെയും. മുൻപ് മംഗളൂരുവിൽ മറുനാടൻ മോഷണസംഘത്തെ റെയിൽവേ സംരക്ഷണസേന പിടിച്ചിരുന്നു. ഇവർ മോഷ്ടിക്കാൻ എത്തുന്നതും മടങ്ങുന്നതും വിമാനത്തിലാണ്‌. കൊങ്കൺ, തിരുവനന്തപുരംമുതൽ മംഗളൂരുവരെ തീവണ്ടിയിൽ യാത്ര ചെയ്യും. നിശ്ചിത അളവ് മോഷ്ടിച്ച് കിട്ടിയാൽ അതുമായി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. അതേസമയം, കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തത് തിരിച്ചടിയാണ്. നിലവിൽ പുതിയ എൽഎച്ച്ബി കോച്ചുകളിൽ മാത്രമാണ് ക്യാമറയുള്ളത്.

കൊങ്കണിൽ ഇരയാകുന്നത് കൂടുതലും മലയാളികൾ

കൊങ്കൺപാതയിലാണ് മലയാളികൾ ഏറ്റവും കൂടുതൽ കവർച്ചയ്ക്ക് ഇരയാകുന്നത്. കൊങ്കൺ വണ്ടികളിൽ നിലവിൽ കാവലിന് ആളില്ല. ഒരു വണ്ടിയിൽ ഒന്നോ രണ്ടോ ടിക്കറ്റ് പരിശോധകർ മാത്രം. ഒറ്റപ്പാതയായതിനാൽ പല സ്റ്റേഷനിലും വണ്ടി പിടിച്ചിടും. ഈ സമയം ഒരു സുരക്ഷാസംവിധാനവും ഇവിടങ്ങളില്ല. പുലർച്ചെയുള്ള യാത്രക്കാരുടെ ഉറക്കവും മോഷ്ടാക്കൾ മുതലെടുക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!