മാഹി തിരുനാൾ: ആത്മപീഡയോടെ ആയിരങ്ങൾ ശയനപ്രദക്ഷിണം നടത്തി
മയ്യഴി : മാഹി ബസിലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉദ്ദിഷ്ടകാര്യലബ്ധിക്കും ആഗ്രഹസഫലീകരണത്തിന്റെ നന്ദിസൂചകമായും നടക്കുന്ന ആത്മപീഡയോടെയുള്ള ഉരുൾനേർച്ച മയ്യഴിയമ്മയുടെ സന്നിധിയിലേക്ക് സമർപ്പിക്കുകയാണ്. തിരുനാൾദിനമായ ബുധനാഴ്ച പൂർണ ദണ്ഡവിമോചനദിനമായിരുന്നു. പുലർച്ചെ ഒന്നിന് തുടങ്ങിയ ശയനപ്രദക്ഷിണം രാവിലെ ആറുവരെ നീണ്ടു. അർധരാത്രിമുതൽ ദേവാലയത്തിന് മുന്നിൽ ഉരുൾനേർച്ചയിൽ പങ്കെടുക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. ദൂരെനിന്നുള്ളവരടക്കം നാനാജാതി മതസ്ഥർ വിശുദ്ധയുടെ തിരുമുന്നിലെത്തി ഉരുൾനേർച്ച സമർപ്പിച്ചു. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ പ്രാർഥനയോടെയാണ് തുടങ്ങിയത്. സഹവികാരിമാരായ ഫാ. ബിനോയി എബ്രഹാം, ഫാ. ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ, ആഘോഷക്കമ്മിറ്റി, മാതൃസംഘടനകൾ, യുവജനവിഭാഗം, കൊമ്പിരി അംഗങ്ങൾ, വൊളന്റിയർമാർ എന്നിവർ നേതൃത്വംവഹിച്ചു.
രാവിലെ കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. ദേവാലയത്തിലെത്തിയ പിതാവിന് സ്വീകരണം നൽകി. പാരിഷ് പാസ്റ്ററൽ കൗൺസിൽ നേതൃത്വം നൽകി. രാവിലെമുതൽ നടന്ന ദിവ്യബലികൾക്ക് ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, ഫാ. റെനി ഫ്രാൻസിസ് തുടങ്ങിയവർ കാർമികത്വം വഹിച്ചു. വൈകുന്നേരം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മേരിമാതാ കമ്യൂണിറ്റി ഹാളിൽ വിശിഷ്ടവ്യക്തികൾ പങ്കെടുത്ത സ്നേഹസംഗമവുമുണ്ടായി. രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ എം. മുകുന്ദൻ, കെ.കെ. രമ എംഎൽഎ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. 16-ന് വൈകീട്ട് ആറിന് ഡോ. ആന്റണി പിന്റോ, ഡോ. അലക്സ് കളരിക്കൽ എന്നിവരുടെ കാർമികത്വത്തിൽ കൊങ്കണിയിൽ സാഘോഷ ദിവ്യബലി നടക്കും. പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിച്ച മയ്യഴിയമ്മയുടെ തിരുസ്വരൂപം 22-ന് ഉച്ചകഴിഞ്ഞ് രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാൾ സമാപിക്കും.
