എല്ലാ വാർഡിലും കളിക്കളങ്ങൾ ഒരുക്കി കേളകം പഞ്ചായത്ത്
കേളകം : എല്ലാ വാർഡിലും കളിക്കളങ്ങൾ ഉള്ള സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കേളകം. കേളകം പഞ്ചായത്ത് ‘സമ്പൂർണ കളിക്കളം’ പ്രഖ്യാപനം 25-ന് നടക്കും. കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിക്കും. ‘പ്ലേ ഫോർ ഹെൽത്തി കേളകം’ പദ്ധതിയുടെ ഭാഗമായിയാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിക്കളങ്ങൾ കണ്ടെത്തിയത്. 2023 ഫെബ്രുവരി എട്ടിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത്, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പുറംപോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്തിലെ 13 വാർഡുകളിലായി 26 കളിക്കളങ്ങൾ ഒരുക്കിയത്. ഇതിൽ 13 എണ്ണം പഞ്ചായത്തിന്റെയും 13 എണ്ണം സ്വകാര്യ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിൽ ഉളളതാണ്. ഇവ കൂടാതെ നാല് സ്ഥലങ്ങൾ കൂടി കളിക്കളം ഉണ്ടാക്കുന്നതിന് ലഭിച്ചിട്ടുമുണ്ട്. ഇതിൽ അടക്കാത്തോട് ഗവ. യുപി സ്‌കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലത്ത് സ്റ്റേഡിയം നിർമിക്കുന്നതിന് പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 140 വിദ്യാർഥികൾക്ക് ഫുട്‌ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ, ബാസ്‌കറ്റ് ബോൾ, റോളർ സ്‌കേറ്റിങ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യം കേളകത്തുണ്ട്. ഇതിൽ ബാസ്‌കറ്റ്‌ബോൾ, റോളർ സ്‌കേറ്റിങ് എന്നിവയൊഴികെ എല്ലാ കളികളും നടക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്കായി ഒരു കായികപരിശീലകനെ താത്കാലികമായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
