കണ്ണൂര്‍ ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേളക്ക് തുടക്കം

Share our post

കണ്ണൂര്‍: ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി. തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കായിക മേളയില്‍ നഗ്നപാദരായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഷൂസുകള്‍ വാങ്ങിനല്‍കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞു. ചിലര്‍ക്ക് ഷൂസുകള്‍ വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. അത്തരം അവസരങ്ങളില്‍ പിടിഎ മുന്‍കൈ എടുത്ത് വാങ്ങി കൊടുക്കണം. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കണം. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ നടന്ന മട്ടന്നൂര്‍ ഉപജില്ലാ കായിക മേളയില്‍ ഷൂസ് ഉപയോഗിക്കാത്ത കുട്ടികള്‍ക്ക് പൊള്ളലേറ്റ സാഹചര്യം ദയനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റും നടന്നു. കണ്ണൂര്‍ ഡിഡിഇ ഡി. ഷൈനി പതാക ഉയര്‍ത്തി. ഒക്ടോബര്‍ 18 വരെ നടക്കുന്ന കായിക മേളയില്‍ 15 ഉപജില്ലകളില്‍ നിന്ന് ഒന്ന് മുതല്‍ മൂന്നാംസ്ഥാനം വരെ ലഭിച്ചവരും തലശ്ശേരി സായി സെന്ററില്‍ നിന്ന് 15 പേരും കണ്ണൂര്‍ സ്പോര്‍ട്‌സ് ഡിവിഷനില്‍ നിന്ന് 40 മത്സരാര്‍ഥികളുള്‍പ്പെടെ 2600 ല്‍പരം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 98 മത്സര ഇനങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.

തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. എം.ജമുന റാണി ടീച്ചര്‍ അധ്യക്ഷയായി. ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി എ.കെ വിനോദ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി, തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശബാന ഷാനവാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ. സാഹിറ, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!