മണൽക്കടത്തുകാരിൽ നിന്ന് കൈക്കൂലി; റിട്ട. എ.എസ്.ഐക്കെതിരെ കേസ്
കണ്ണൂർ: മണൽക്കടത്തുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ റിട്ട. ഗ്രേഡ് എ.എസ്.ഐക്കെതിരെ വിജിലൻസ് കേസെടുത്തു. വളപട്ടണം സ്‌റ്റേഷനിൽ ഗ്രേഡ് എ.എസ്.ഐയായിരുന്ന അനിഴനെതിരെയാണ് കേസെടുത്തത്. 2024 മേയിലാണ് ഇയാൾ സർവിസിൽനിന്ന് വിരമിച്ചത്. സർവിസിലിരിക്കെ അനിഴൻ മണൽ മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങുന്നത് വിജിലൻസ് കണ്ടെത്തിയിരുന്നു. സ്‌റ്റേഷനിലെ വിവരങ്ങൾ ചോർത്തി നൽകിയാണ് ഇയാൾ മണലൂറ്റുകാരെ സഹായിച്ചിരുന്നത്. ഇതിന് പ്രതിഫലമായാണ് പണം വാങ്ങിയത്. സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ ആരെല്ലാമാണെന്നും പൊലീസിന്റെ നീക്കങ്ങളും മണൽ മാഫിയാസംഘത്തെ അറിയിച്ചിരുന്നു. ഗൂഗിൾ പേ വഴിയും നേരിട്ടും ഇയാൾ പണം വാങ്ങിയതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചു. പാപ്പിനിശേരി സ്വദേശിയായ ഇയാൾ മണൽക്കടത്തുതോണിയിലെ എൻജിൻ മറിച്ചുവിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിച്ചെടുത്ത തോണിയിലെ എൻജിനാണ് മറിച്ചുവിറ്റത്.
