പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ

Share our post

പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ. ആരോപണ വിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. ക്ലാസ് ടീച്ചറായ ആശക്കെതിരെയാണ് കുടുംബം അടക്കം ആരോപണം ഉന്നയിച്ചത്. ഡിഇഒയുടെ നിര്‍ദേശുപ്രകാരമാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സഹപാഠിയുടെ മരണത്തിൽ വലിയ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന്വേഷണവിധേയമായിട്ടാണ് അധ്യാപകരായ ആശയെയും ലിസിയെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചതിന്‍റെ പേരിൽ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. കൂടാതെ ജയിലിലേക്ക് പോകേണ്ടി വരുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു.അതേ സമയം, ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നും അര്‍ജുന്‍റെ സഹപാഠി പ്രതികരിച്ചു. അതിന് ശേഷം അർജുൻ അസ്വസ്ഥനായിരുന്നു. മരിക്കുമെന്ന് തന്നോട് അർജുൻ പറഞ്ഞിരുന്നു. സ്കൂൾ വിട്ട് പോകുമ്പോൾ തന്നെ കെട്ടി പിടിച്ച് കരഞ്ഞിരുന്നുവെന്നും സഹപാഠി പറയുന്നു.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയത് കൊണ്ടാണ് അർജുൻ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആഷ ടീച്ചർ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു. ടീച്ചർക്കെതിരെ ഗുരുതര ആരോപണമാണ് അര്‍ജുന്‍റെ സഹപാഠി ഉന്നയിച്ചത്. കണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് അര്‍ജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.അതേസമയം, ആരോപണം നിഷേധിക്കുകയാണ് സ്കൂൾ അധികൃതര്‍. കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് പ്രധാനാധ്യാപിക മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടി മരിക്കണമെന്ന് കരുതി ഒരു അധ്യാപികയും പറയില്ലെന്നും വിഷയത്തില്‍ കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് സ്കൂൾ അധികൃതര്‍ പ്രതികരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!