പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസുകാർക്ക് 11 വർഷം തടവുശിക്ഷ
കാഞ്ഞങ്ങാട് : പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കോൺഗ്രസുകാരായ ആറ് പ്രതികൾക്ക് കോടതി 11 വർഷം വീതം തടവും പിഴയും ശിക്ഷ വിധിച്ചു. സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടിൽ, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാൽ, ജിസൺ ജോർജ് എന്നിവർക്കാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ( ഒന്ന്) കോടതി 11 വർഷവും ഏഴുമാസവും വീതം സാധാരണ തടവും 60,500 രൂപ പിഴയും വിധിച്ചത്. 2018 ഏപ്രിൽ 29ന് ചിറ്റാരിക്കാൽ ടൗണിൽ ഒരു സംഘം കോൺഗ്രസുകാർ കോൺഗ്രസ് വിട്ടവരെ മർദിച്ചിരുന്നു. സംഘർഷം തടയാനെത്തിയ അന്നത്തെ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനെയും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും കോൺഗ്രസ് സംഘം ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഏഴുമുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. രഞ്ജിത്ത് രവീന്ദ്രനാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. എ എസ് ഐ റജികുമാറും സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
