താങ്ങായി തണലായി ‘പ്രശാന്തി’: ഇതുവരെ ലഭിച്ചത് 61,238 ഫോൺ കോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി കേരളാ പൊലീസ് ആരംഭിച്ച പ്രശാന്തി സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈനിലേക്ക് ഇതുവരെ ലഭിച്ചത് 61,238 ഫോൺ കോളുകൾ. ലോക്ഡൗൺ കാലത്താണ് പൊലീസ് പദ്ധതി ആരംഭിച്ചത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായിരുന്നു പദ്ധതി. ഒറ്റപ്പെടൽ, ജീവിതശൈലീരോഗങ്ങൾ, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുതിർന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങൾക്കായി പദ്ധതി തുടങ്ങി നാളിതുവരെ ലഭിച്ച ഫോൾകോളുകളുടെ കണക്കാണ് പൊലീസ് പുറത്ത് വിട്ടത്. ഇത്തരത്തിൽ ലഭിച്ച പരാതികൾ/ ആവശ്യങ്ങൾ പരിഹരിക്കുവാനും കഴിഞ്ഞതായി പൊലീസ് അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് ആവശ്യങ്ങളും വിഷമതകളും പൊലീസിനെ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497900035, 9497900045 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
